
വയനാട്: പുൽപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരവെ ഷോക്കേൽക്കുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് സുധൻ.
ഇന്ന് പത്തനംതിട്ട തിരുവല്ലയിലും പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരു മരണം സംഭവിച്ചു. തിരുവല്ല മേപ്രാലിൽ പുല്ല് അരിയാൻ പോയ 48 കാരനാണ് ഷോക്കേറ്റ് മരിച്ചത്. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
പള്ളിയിലേക്കുള്ള സർവീസ് ലൈൻ ആണ് കാറ്റിലും മഴയിലും പൊട്ടിവീണത്. വൈദ്യുതി ലൈൻ പൊട്ടി വീണിട്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം, ഷോക്കേറ്റത് അനധികൃതമായി വലിച്ച ഇലക്ട്രിക് വയറിൽ നിന്നാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം ആറായി.
കണ്ണൂരിൽ മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണമാണ് സംഭവിച്ചത്. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്റെ (63) മൃതദേഹം രാവിലെ കണ്ടത് . രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോൾ വീണതാണെന്ന് കരുതുന്നു.
പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം സംഭവിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്.
Last Updated Jul 16, 2024, 3:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]