
എം.ടി വാസുദേവൻ നായർക്കുള്ളിലെ ചെറുപ്പം ഇപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് നടൻ മമ്മൂട്ടി. സമകാലീന സംഭവങ്ങളെക്കുറിച്ചും രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക-സാമ്പത്തിക-സാഹിത്യ കാര്യങ്ങളെക്കുറിച്ചെല്ലാം വളരെ അപ്ഡേറ്റായ വ്യക്തിയാണ് എംടിയെന്നും മമ്മൂട്ടി പറഞ്ഞു. എം.ടിയുടെ ജൻമദിനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ‘മനോരഥങ്ങൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആന്തോളജി വിഭാഗത്തിൽ അപൂർവമായിട്ടേ സിനിമകൾ ഉണ്ടാകാറുള്ളൂ. ആരുടെ മുൻപിലും അഭിമാനത്തോടെ പറയാനാകുന്ന ആന്തോളജി ആയിരിക്കും ‘മനോരഥങ്ങൾ’ മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം. എഴുത്തുകാരന്റെ മനോരഥത്തിൽ കയറിപ്പോകുന്ന കാഴ്ചകളാണ് നാം കാണുന്നത്. വ്യക്തിപരമായി എംടിയോട് അടുപ്പമുള്ളയാളാണ് ഞാൻ. എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് എം.ടി വാസുദേവൻ നായർക്കുള്ളിലെ ചെറുപ്പമാണ്. സമകാലികം, രാഷ്ട്രീയം, സാഹിത്യം, സാമ്പത്തിക തുടങ്ങിയ എല്ലാകാര്യത്തിലും അറിവുള്ളയാളാണ് അദ്ദേഹം. ലോകത്തിലെ വിവിധ ഭാഷകളിലെ പുസ്തകങ്ങൾ അദ്ദേഹം വായിക്കാറുണ്ട്’, മമ്മൂട്ടി പറഞ്ഞു.
എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കി മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ഒൻപത് സിനിമകളുടെ സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലറും ചടങ്ങിൽ പുറത്തുവിട്ടു. എം.ടി.യുടെ ജന്മദിനത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ താരസാന്നിധ്യത്തിലാണ് ട്രെയ്ലർ ലോഞ്ച് നടന്നത്.
സീ 5 ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ ഓണക്കാലത്ത് ചിത്രം പുറത്തിറങ്ങും. പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായകൻ. ‘ശിലാലിഖിത’ത്തിന്റെ സംവിധാനവും പ്രിയൻ ആണ്. ബിജുമേനോൻ ആണ് ഇതിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. എം.ടി.യുടെ ആത്മകഥാംശങ്ങളുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്തത്.
ഷെർലക്ക് എന്ന വിഖ്യാത ചെറുകഥയുടെ ദൃശ്യരൂപത്തിന് പിന്നിൽ മഹേഷ് നാരായണൻ-ഫഹദ്ഫാസിൽ കൂട്ടുകെട്ടാണ്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്തു. പാർവതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകൻ ശ്യാമപ്രസാദ് ആണ്. കടൽക്കാറ്റ് എന്ന സിനിമ രതീഷ് അമ്പാട്ട് ഇന്ദ്രജിത്തിനെയും അപർണബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളായി ഒരുക്കി. ഇവർക്കൊപ്പം എം.ടി.യുടെ മകൾ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. വില്പന എന്ന സിനിമയാണ് അശ്വതി സംവിധാനം ചെയ്തത്. അസിഫ് അലിയും മധുബാലയുമാണ് പ്രധാനവേഷങ്ങളിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]