
മൊത്തവില സൂചികയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ പണപ്പെരുപ്പം ജൂണിൽ 3.36 ശതമാനമായി വർദ്ധിച്ചു. മെയ് മാസത്തിൽ ഇത് 2.61 ശതമാനം ആയിരുന്നു. കഴിഞ്ഞ 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കൾ, പെട്രോളിയം, പ്രകൃതിവാതകം, മിനറൽ ഓയിലുകൾ, മറ്റ് നിർമ്മാണ മേഖലകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ വിലക്കയറ്റമാണ് മൊത്തവില പണപ്പെരുപ്പം ഉയരുന്നതിലേക്ക് നയിച്ചത്. പച്ചക്കറി വില ഗണ്യമായി ഉയരുന്നതും നിർമ്മാണ മേഖലയിലെ വിലക്കയറ്റവും ആശങ്ക ഉയർത്തുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തീവ്രമായ ഉഷ്ണതരംഗവും പിന്നീട് ഉണ്ടായ കനത്ത വെള്ളപ്പൊക്കവും ആണ് പച്ചക്കറി വില ഉയരുന്നതിലേക്ക് നയിച്ചത്.
മെയ് മാസത്തിലെ 9.82 ശതമാനത്തിൽ നിന്ന് ജൂണിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 10.87 ശതമാനമായി ഉയർന്നു. പച്ചക്കറികളുടെ വിലക്കയറ്റം ജൂണിൽ 38.76 ശതമാനമാണ്. മെയ് മാസത്തിലെ 21.95 ശതമാനത്തിൽ നിന്ന് ജൂൺ മാസത്തിൽ പയർവർഗ്ഗങ്ങളുടെ പണപ്പെരുപ്പം 21.64 ശതമാനത്തിലെത്തി. ധാന്യങ്ങളുടെ വിലക്കയറ്റം 9.27 ശതമാനമാണ്. മുട്ട, മാംസം, മത്സ്യം എന്നിവയുടെ വിലക്കയറ്റം മെയ് മാസത്തിലെ 0.68 ശതമാനത്തിൽ നിന്ന് ജൂണിൽ -3.06 ശതമാനത്തിലെത്തി. ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലക്കയറ്റം യഥാക്രമം 66.37 ശതമാനവും 93.35 ശതമാനവും ആണ്. പഴങ്ങളുടെ പണപ്പെരുപ്പം 10.14% വും പാലിന്റേത് 3.37% വും ആണ്. മെയ് മാസത്തിൽ 1.35 ശതമാനമായിരുന്ന ഇന്ധന, വൈദ്യുതി പണപ്പെരുപ്പം ജൂണിൽ 1.03 ശതമാനമായിട്ടുണ്ട് . ജൂണിൽ പെട്രോളിയം , പ്രകൃതി വാതക മൊത്തവില പണപ്പെരുപ്പം 12.55 ശതമാനവും ക്രൂഡ് പെട്രോളിയത്തിന്റേത് 14.04 ശതമാനവുമാണ്.
Last Updated Jul 15, 2024, 6:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]