

First Published Jul 14, 2024, 6:08 PM IST
ഹരാരെ: സഞ്ജു സാംസണിന്റെ (45 പന്തില്‍ 58) അര്‍ധ സെഞ്ചുറി കരുത്തില്‍ സിംബാബ്വെക്കെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ഹരാരെ, സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും 30നപ്പുറമുള്ള റണ്‍ നേടാന്‍ സാധിച്ചില്ല. രണ്ട് മാങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മുകേഷ് കുമാര്‍, റിയാന്‍ പരാഗ് എന്നിവര്‍ ടീമിലെത്തി. റുതുരാജ് ഗെയ്കവാദ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.
ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഇന്ത്യക്ക് മോശം തുടക്കമാണ്. 40 റണ്‍സിന് മൂന്ന് മുന്‍നിര താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി. യശസ്വി ജയ്സ്വാള്‍ (12), അഭിഷേക് ശര്‍മ (14), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് മടങ്ങിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച റിയാന്‍ പരാഗ് (24 പന്തില്‍ 22) – സഞ്ജു സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. 15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. 18-ാം ഓവറിലാണ് സഞ്ജു പുറത്താവുന്നത്. നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ടി20 കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് സഞ്ജു നേടുന്നത്. ആദ്യത്തേത് അയര്‍ലന്‍ഡിനെതിരെയായിരുന്നു.
പിന്നീട് ശിവം ദുബെ (12 പന്തില്‍ 26) – റിങ്കു സിംഗിനൊപ്പം (11) ചേര്‍ന്ന് സ്കോര്‍ 150 കടത്താന്‍ സഹായിച്ചു. എന്നാല്‍ ദുബെ അവസാന ഓവറില്‍ പുറത്തായി. വാഷിംഗ്ടണ്‍ സുന്ദര്‍ (1) റിങ്കുവിനൊപ്പം പുറത്താവാതെ നിന്നു. ബ്ലെസിംഗ് മുസറബാനി സിംബാബ്വെക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി. പരമ്പര ഇതിനോടകം ഇന്ത്യ നേടി കഴിഞ്ഞിരുന്നു. 3-1ന് മുന്നിലാണ് ഇന്ത്യ. പരമ്പര നേടിയതിനാല്‍ വ്യാപകമായ മാറ്റം പ്രതീക്ഷിച്ചിരുന്നുവെങ്കിലും രണ്ട് മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം…
സിംബാബ്വെ: വെസ്ലി മധേവെരെ, തദിവനഷെ മരുമണി, ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മയേഴ്സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ജോനാഥന് കാംബെല്‍, ഫറാസ് അക്രം, ക്ലൈവ് മദാന്‍ഡെ (വിക്കറ്റ് കീപ്പര്‍), ബ്രാന്‍ഡന്‍ മാവുത, റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസറബാനി.
ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, തുഷാര്‍ ദേശ്പാണ്ഡെ, മുകേഷ് കുമാര്‍.
Last Updated Jul 14, 2024, 6:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]