

First Published Jul 14, 2024, 6:35 PM IST
തൃശൂർ: കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ നാളെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആദ്യം കണ്ണൂരും പിന്നീട് കോഴിക്കോടും കാസർകോടും അവധി പ്രഖ്യാപിച്ചതിന് ശേഷം ഇപ്പോൾ 3 ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂർ, മലപ്പുറം, എറണാകുളം കളക്ടർമാരാണ് ഏറ്റവും ഒടുവിലായി അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെ സംസ്ഥാനത്തെ 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂരിലെ അവധി അറിയിപ്പ്
പ്രിയപ്പെട്ട കുട്ടികളെ, ജില്ലയിൽ ഇന്നും നാളെയും ശക്തമായ കാറ്റും മഴയും ആയതിനാൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
മലപ്പുറത്തെ അവധി അറിയിപ്പ്
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദാണ് അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
കോഴിക്കോട് അവധി അറിയിപ്പ്
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
കാസർകോട് അവധി അറിയിപ്പ്
റെഡ് അലേർട്ട് സാഹചര്യത്തിൽ കാസർക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്റ്റേറ്റ് , സി ബി എസ് ഇ, ഐ സി എസ് സി സ്കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല.
കണ്ണൂരിലെ അവധി അറിയിപ്പ്
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
എറണാകുളത്തെ അവധി അറിയിപ്പ്
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
Last Updated Jul 14, 2024, 11:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]