
കണ്ണൂര്‍: കണ്ണൂർ ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ നിന്നും നിധിയെന്ന് കരുതപ്പെടുന്ന വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ വിവരങ്ങള്‍ പങ്കുവെച്ച് ചരിത്രകാരൻ ഡോ. എംജി ശിഭൂഷണ്‍. ചെങ്ങളായിയിൽ നിന്നും പഴയകാലത്തെ സ്വര്‍ണാഭരണങ്ങളും നാണയങ്ങളും വെള്ളിയാഭരണങ്ങളും അടങ്ങിയ കുടമാണ് മഴക്കുഴി എടുത്തുകൊണ്ടിരിക്കെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിച്ചചത്. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഇവ ലഭിച്ചത്. ചെങ്ങളായിയിൽ നിന്നും കണ്ടെത്തിയത് വെനീഷ്യൻ ഡ്യൂകറ്റ് ആയിരിക്കാനാണ് സാധ്യതയെന്നും ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്നും ചരിത്രകാരൻ ഡോ. എംജി ശശിഭൂഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാണയങ്ങള്‍ നേരിട്ട് വിശദമായി പരിശോധിച്ചാലെ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മുമ്പും ഇതുപോലെ പല സ്ഥലങ്ങളില്‍ നിന്നും നിധി എന്ന് നാട്ടുകാര്‍ പറയുന്ന പഴയകാലത്തെ സ്വര്‍ണ്ണ നാണയങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ കൃത്യമായ കാലം മനസിലാകണമെങ്കില്‍ ഏതു കാലഘട്ടത്തിലേതാണും ആരുടേതാണെന്നുമൊക്കെ പരിശോധിക്കേണ്ടതുണ്ട്. ലഭിച്ച വസ്തുക്കള്‍ വിശദമായി പരിശോധിച്ചാല്‍ ഇത് മനസിലാക്കാനാകും. 1983ല്‍ ഇതുപോലെ ലഭിച്ച സ്വര്‍ണ്ണ നാണയങ്ങളുടെ വലിയ ശേഖരം ഇതുപോലെ സര്‍ക്കാരിന് വേണ്ടി പരിശോധിച്ചിരുന്നു. റോമൻ നാണയങ്ങളാണ് അവയെന്നാണ് അന്ന് തിരിച്ചറിഞ്ഞത്.
എഡി രണ്ടാം നൂറ്റാണ്ടിലെയും മൂന്നാം നൂറ്റാണ്ടിലേയും നാണയങ്ങളായിരുന്നു അവ. ഇപ്പോള്‍ ലഭിച്ച വിവരം നോക്കിയാല്‍ ചെങ്ങളായിയിൽ നിന്നും കണ്ടെത്തിയത് വെനീഷ്യൻ ഡ്യുകറ്റ് ആകാനാണ് സാധ്യത. പണ്ടു കാലത്ത് ഇത്തരം നാണയങ്ങള്‍ വന്‍തോതില്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. കുരുമുളക് വ്യാപാരവുമായി ബന്ധപ്പെട്ടാണ് യൂറോപ്പില്‍ നിന്നും ഈ നാണയങ്ങള്‍ എത്തിയിരുന്നത്. കുരുമുളക് വ്യാപാരത്തിന് വെനീസ് ഒരു കേന്ദ്രമായിരുന്നു.
ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വെനീഷ്യൻ ഡ്യൂകറ്റാണെന്നാണ് തോന്നുന്നത്. ഇവ നേരിട്ട് പരിശോധിച്ചാലെ കൃത്യമായ വിവരം ലഭിക്കുകയുള്ളു. നേരത്തെയും വെനീഷ്യൻ ഡ്യൂകറ്റ് ലഭിച്ചിട്ടുണ്ട്. പഴശ്ശിരാജാവിന്റെ സൂക്ഷിപ്പിലുണ്ടായിരുന്ന നാണയങ്ങളായിരുന്നു അവ. മദ്രാസ് മ്യൂസിയത്തിലും കണ്ണൂരില്‍ നിന്നും കൊണ്ടുപോയ വെനീഷ്യൻ ഡ്യൂകറ്റ് നാണയങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും എംജി ശശിഭൂഷൻ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍ രംഗത്തെത്തി ആദ്യം ബോംബാണെന്ന് സംശയിച്ചെന്നും പിന്നീട് ധൈര്യം സംഭരിച്ച് തുറന്നെന്നും നിധിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചെന്നും തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ ലഭിച്ചത്. 17 മുത്തുമണികൾ,13 സ്വർണപതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് ആദ്യം കിട്ടിയത്. പിന്നീടും കൂടുതൽ വസ്തുക്കൾ കണ്ടെത്തി. 3 വെള്ളിനാണയവും ഒരു സ്വർണമുത്തുമാണ് പിന്നീട് കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ മഴ കുഴിക്ക് സമീപത്ത് നിന്നാണ് ഇവ കിട്ടിയത്.
ആഭരണങ്ങൾക്ക് 200 വർഷത്തിലേറെ പഴക്കം കാണില്ലെന്നാണ് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക നിഗമനം. അതി പുരാതന നൂറ്റാണ്ടുകളിലെ നാണയങ്ങളല്ല കണ്ടെത്തിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശം വന്നാൽ മാത്രമേ പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധനകൾ തുടങ്ങുകയുള്ളൂ. മൂല്യം കണക്കാക്കി പിന്നീട് സ്ഥലം ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും വകുപ്പ് അറിയിച്ചു.നിധിയാണെന്ന് സ്ഥിരീകരിച്ചാല്‍ റവന്യൂ വകുപ്പ് ഏറ്റെടുക്കുമെന്ന് പുരാവസ്തു വകുപ്പ് മേധാവി അറിയിച്ചു. ഫ്രഞ്ച് പുതുശ്ശേരി പ്രവിശ്യക്കായി ഇറക്കിയ നാണയമാണെന്നാണ് പ്രാഥമിക അനുമാനം. വിശദ പരിശോധന നടത്തുമെന്നും പുരാവസ്തു വകുപ്പ് മേധാവി ഇ ദിനേശന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Last Updated Jul 13, 2024, 2:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]