
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തർക്കം രൂക്ഷം. ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വി ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ യുഡിഎഫ് നേതൃത്വം പ്രതിഷേധം അറിയിച്ചു. പുനരധിവാസ പാക്കേജ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ എം പി ചടങ്ങില്‍ പങ്കെടുക്കില്ല. ട്രയല്‍ റണ്‍ ആയതുകൊണ്ടാണ് എല്ലാവരെയും ക്ഷണിക്കാതിരുന്നതെന്ന് മന്ത്രി വി എന്‍ വാസവന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോള്‍ പ്രതിപക്ഷത്തെ അവഗണിച്ചെന്ന ആരോപണം കടുപ്പിക്കുന്നതിനൊപ്പം, പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്നും പറഞ്ഞുവയ്ക്കുന്നു യുഡിഎഫ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയിലാണ് പദ്ധതി തീരമണിഞ്ഞതെന്ന് വി ഡി സതീശന് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്‍കണമെന്ന് കെ സുധാകരന് ആവശ്യപ്പെട്ടു. പദ്ധതി പൂർത്തിയായതിൽ ഏറ്റവും സന്തോഷിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മാവെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി തർക്കിക്കാം പക്ഷേ മാതൃത്വം ഉമ്മൻ ചാണ്ടി സർക്കാരിനെന്ന് മുന്‍മന്ത്രി കെ ബാബു പ്രതികരിച്ചു.
കപ്പലിനുള്ള സ്വീകരണ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂർ എം പിയും വ്യക്തമാക്കി. പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാട്ടുന്നില്ലെന്നാണ് ആരോപണം. സ്ഥലം എംഎല്‍എ എം വിന്‍സന്റ് ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷത്തെ ജനപ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിനെ തന്നെ ക്ഷണിക്കണമെന്നില്ലെന്നും മന്ത്രി വി എന്‍ വാസവന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം ഉള്ളപ്പോഴും യുഡിഎഫ് ചടങ്ങ് ബഹിഷ്കരിക്കില്ല. പദ്ധതി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചുകൊണ്ട് നാളെ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തും.
Last Updated Jul 11, 2024, 7:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]