
ചെന്നൈ: മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ചെന്നൈ പെരമ്പൂരിലെ സദയപ്പന്‍ സ്ട്രീറ്റിലുള്ള ആംസ്ട്രോങ്ങിന്റെ വീടിനു സമീപത്തുവെച്ച് വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് കൊലപാതകം. ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
സാമൂഹിക അസമത്വങ്ങള്‍ക്കെതിരേ സിനിമയിലൂടെ പ്രതിഷേധിക്കുന്ന സംവിധായകന് പാ രഞ്ജിത്തുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു കെ ആംസ്ട്രോങ്. സംസ്ഥാനത്ത് പലയിടങ്ങളിലും ബുദ്ധവിഹാരങ്ങള്‍ നിര്‍മിക്കുന്നതിന് സഹായ സഹകരണങ്ങള്‍ ചെയ്ത് ആംസ്ട്രോങ് രംഗത്തുണ്ടായിരുന്നു. അംബേദ്കറുടെ പാത പിന്തുടര്ന്ന് ബുദ്ധമതത്തിന്റെ പ്രചാരണം ഇദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. പെരുമ്പൂരില്‍ ഒരു ബുദ്ധവിഹാരത്തിന്റെ ഉദ്ഘാടനവേളയില്‍ ആംസ്ട്രോങ്ങും പാ രഞ്ജിത്തും ഒരുമിച്ച് സന്നിഹതരായത് വാര്‍ത്തയായിരുന്നു. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിന്റെ ഞെട്ടലില്‍ പാ രഞ്ജിത്ത് പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു
ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ ഡി.എം.കെ. സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി പാ രഞ്ജിത്ത് രംഗത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെ ശക്തമായി അപലപിച്ച രഞ്ജിത്ത് സര്‍ക്കാരിന്റെ ഇതിലുള്ള പ്രതികരണത്തില്‍ നിരാശ രേഖപ്പെടുത്തി. പൊതുസുരക്ഷ ഉറപ്പാക്കുന്നതില്‍ നിയമപാലകരുടെ കഴിവ് ചോദ്യം ചെയ്തുകൊണ്ട് ഈ കുറ്റകൃത്യം നടന്നത് പൊലീസ് സ്റ്റേഷന് തൊട്ട് അടുത്തതാണെന്ന് രഞ്ജിത്ത് തന്റെ പോസ്റ്റില്‍ പറയുന്നു.
- ഇത്തരം സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ എന്ത് മുന്‍കരുതലാണ് സ്വീകരിച്ചിരിക്കുന്നത്, ആരാണ് കൊലപാകത്തിന് ഉത്തരവാദി?
- കടുത്ത വധഭീഷണി നേരിട്ടിട്ടും ആംസ്ട്രോങ്ങിന് സുരക്ഷ ഉറപ്പാക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്?
- സമൂഹിക നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും യഥാര്‍ഥത്തില്‍ ചെയ്യുന്നുണ്ടോ? അതോ വോട്ട് ഉറപ്പാക്കുന്നതിനുള്ള രാഷ്ട്രീയ ഉപകരണം മാത്രമാണോ?
- ആംസ്ട്രോങ്ങിന്റെ വ്യക്ത്വത്വത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചത് ആരാണ്? അതിന് പിന്നിലുള്ള ഉദ്ദേശം എന്താണ്?
- ഇങ്ങനെയാണോ ഡോ. ബാബാസാഹേബ് അംബേദ്കറുടെ പാരമ്പര്യത്തെ ആദരിക്കുന്നത്? ദളിത് നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്ത നീതിയും സുരക്ഷയും എവിടെയാണ്?’
പെരമ്പൂരിലെ ബി.എസ്.പി ഓഫീസ് പരിസരത്ത് ആംസ്ട്രോങ്ങിന്റെ സംസ്കാരം നടത്താന്‍ ശ്രമിച്ചപ്പോള്‍ അത് സര്‍ക്കാര്‍ തടഞ്ഞുവെന്നും പോട്ടൂരില്‍ നടത്താന്‍ നിര്‍ബന്ധിച്ചു എന്നും നേതാവിന്റെ കുടുംബം ആരോപിച്ചിരുന്നു. ഈ നീക്കത്തെയും രഞ്ജിത്ത് ചോദ്യം ചെയ്യുന്നു. ദളിത് പ്രശ്നങ്ങളെ സര്‍ക്കാര്‍ പൊതുവില്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ പാ രഞ്ജിത്ത് നിരാശ പ്രകടിപ്പിച്ചു. അതോടൊപ്പം ദളിതരുടെ സംരക്ഷണത്തിനും ഉന്നമനത്തിനും ഇനിയെങ്കിലും നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]