
ആക്രി പെറുക്കുക എന്നാൽ അത്ര നല്ലതല്ലാത്ത ജോലിയായിട്ടാണ് പലരും കാണുന്നത്. എന്നാൽ, അങ്ങനെ ജോലി ചെയ്ത് ലക്ഷങ്ങൾ വരെ സമ്പാദിക്കുന്നവരുണ്ട്. ഏറെക്കുറെ സമാനമായ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച ഒരാളാണ് സിഡ്നിയിൽ നിന്നുള്ള ലിയോനാർഡോ അർബാനോ എന്ന യുവാവ്.
ഓരോ ദിവസവും പ്രഭാതഭക്ഷണം കഴിച്ചാൽ അർബാനോ പോകുന്നത് ആളുകൾ ഉപേക്ഷിച്ചു കളഞ്ഞ സാധനങ്ങൾ പെറുക്കിയെടുക്കുന്നതിന് വേണ്ടിയാണ്. അതിൽ നിന്നും നല്ല വരുമാനമാണ് കഴിഞ്ഞ വർഷം യുവാവുണ്ടാക്കിയതും. ഇങ്ങനെ കളഞ്ഞ സാധനങ്ങളിൽ ബാഗുകൾ, ആഭരണങ്ങൾ, കോഫി മെഷീൻ തുടങ്ങി പല വസ്തുക്കളുമുണ്ട്. എന്തിനേറെ പറയുന്നു കാശ് വരെയും കിട്ടിയിട്ടുണ്ട് എന്നാണ് അർബാനോ പറയുന്നത്.
ഇന്ന് അർബാനോ ഇത് തന്റെ ബിസിനസാക്കി മാറ്റിയിരിക്കുകയാണ്. ആളുകൾ ഉപേക്ഷിച്ച സാധനങ്ങളിൽ നിന്നും പിന്നീടുപയോഗിക്കാനാവുന്ന വസ്തുക്കൾ വിറ്റാണ് അർബാനോ കാശ് സമ്പാദിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഇതിലൂടെ 55 ലക്ഷം രൂപ സമ്പാദിച്ചു എന്നാണ് അർബാനോ പറയുന്നത്.
‘ഒരു കുന്ന് സാധനങ്ങൾ നിങ്ങൾക്കങ്ങനെ കണ്ടെത്താൻ സാധിക്കും, ശരിക്കും ഒരു കുന്ന് സാധനങ്ങൾ’ എന്നാണ് അർബാനോ പറയുന്നത്. അതിൽ ഫ്രിഡ്ജും അലമാരയും ഒക്കെ ഉണ്ടാകുമെന്നും അർബാനോ പറയുന്നു. അതുപോലെ കിട്ടിയ ഒന്നായിരുന്നു ഒരു ചെറിയ ഫെൻഡി ബാഗ്. $200 (16,698 രൂപ) -ക്കാണ് അത് അർബാനോ വിറ്റത്.
ഓസ്ട്രേലിയയിൽ, പ്രാദേശിക കൗൺസിലുകൾ താമസക്കാർക്ക് വേണ്ടി വർഷാവർഷം രണ്ടുതവണയോ അതിൽ കൂടുതലോ സൗജന്യമായി വേണ്ടാത്ത സാധനങ്ങൾ എടുക്കുന്നതിനുള്ള സേവനം നൽകാറുണ്ട്. ആളുകൾ സാധാരണയായി അവരുടെ ഫർണിച്ചറുകളടക്കം പല വീട്ടുസാധനങ്ങളും ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. അതിൽ നിന്നും പലപ്പോഴും കമ്പ്യൂട്ടറുകൾ, ഡൈസൺ വാക്വം ക്ലീനറുകൾ, ടെലിവിഷൻ സെറ്റുകൾ എന്നിവ അർബാനോ കണ്ടെത്തുന്നു. മിക്കവാറും ഈ വസ്തുക്കളെല്ലാം നല്ല അവസ്ഥയിൽ തന്നെയാണുണ്ടാവാറ്.
അവയിൽ ചിലതെല്ലാം അർബാനോ തന്നെ സൂക്ഷിക്കുകയും ബാക്കിയുള്ള ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ് പോലുള്ള പ്ലാറ്റ്ഫോം വഴി വിൽക്കുകയും ചെയ്യുന്നു. ബ്രാൻഡഡ് പേരുകൾ കാണുന്നവ ഒറിജിനലാണോ എന്ന് ഉറപ്പു വരുത്തിയാണ് വിൽക്കുന്നത്. പലപ്പോഴും നല്ല വസ്ത്രങ്ങളൊക്കെ ആളുകൾ ഇങ്ങനെ ഉപേക്ഷിക്കാറുണ്ട് എന്ന് അർബാനോ പറയുന്നു.
എന്തായാലും, 30 -കാരനായ അർബാനോയുടെ ഈ ബിസിനസ് വൻവിജയം തന്നെയാണ് എന്നാണ് പറയുന്നത്. അല്ലെങ്കിലും ഇന്നത്തെ കാലത്ത് എന്ത് ജോലിയാണ് എന്നതിലല്ല കാര്യം. എന്ത് നേടുന്നു എന്നതിലാണ്. ഹാർഡ് വർക്കിന് പകരം സ്മാർട്ട് വർക്കാണ് ആളുകളുടെ ചോയ്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]