

ഡ്യൂട്ടി സമയത്ത് ഫോണില്‍ കാന്‍ഡി ക്രഷ് കളിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു ; അധ്യാപകന് രണ്ടുമണിക്കൂര്‍ നേരം കളിക്കാന്‍ സമയം ചെലവഴിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി
സ്വന്തം ലേഖകൻ
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഡ്യൂട്ടി സമയത്ത് ഫോണില്‍ കാന്‍ഡി ക്രഷ് കളിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഡ്യൂട്ടി സമയത്ത് രണ്ടുമണിക്കൂര്‍ നേരം കാന്‍ഡി ക്രഷ് കളിക്കാന്‍ അധ്യാപകന് സമയം ചെലവഴിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യുപിയിലെ സാമ്പലിലാണ് സംഭവം. ജില്ലാ കലക്ടര്‍ രാജേന്ദ്ര പന്‍സിയ സ്കൂളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് അധ്യാപകനെ കയ്യോടെ പൊക്കിയത്. പരിശോധനയില്‍ വിദ്യാര്‍ഥികളുടെ കോപ്പികളില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപകന് മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
‘അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ് വര്‍ക്കുകളും ഗൃഹപാഠങ്ങളും പരിശോധിച്ച് അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ വേണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒരു പ്രശ്നമല്ല. എന്നാല്‍ സ്കൂള്‍ സമയങ്ങളില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അവ ഉപയോഗിക്കുന്നത് ശരിയല്ല’- കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രിയം ഗോയലിന്റെ ഫോണ്‍ ആണ് ജില്ലാ കലക്ടര്‍ പരിശോധിച്ചത്. പരിശോധനയില്‍ അഞ്ചര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഡ്യൂട്ടി സമയത്ത് രണ്ടു മണിക്കൂറോളം നേരവും അധ്യാപകന് കാന്‍ഡി ക്രഷ് കളിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഫോണില്‍ 26 മിനിറ്റ് സംസാരിക്കുകയും 30 മിനിറ്റ് നേരം സോഷ്യല്‍മീഡിയ ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്തതായും കണ്ടെത്തി. വിഷയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് ടീച്ചറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]