
ചെന്നൈ: ബി.എസ്.പി. നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സംവിധായകനും ആക്ടിവിസ്റ്റുമായ പാ.രഞ്ജിത്ത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന് വൻ വീഴ്ചയാണ് സംഭവിച്ചതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ദളിത് നേതാക്കൾക്കും ദളിത് സമൂഹത്തിനും നേരേയുള്ള ഭീഷണികൾ സർക്കാർ എന്തുകൊണ്ട് നിസ്സംഗതയോടെ കാണുന്നുവെന്ന് രഞ്ജിത്ത് ചോദിച്ചു.
ചെന്നൈയിലെ സെമ്പിയം പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് കൊലപാതകം നടന്നത്. നഗരത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ ഗ്രാമങ്ങളിൽ ദളിതർ എത്രത്തോളം സുരക്ഷിതരായിരിക്കും. സർക്കാർ എപ്പോഴാണ് ഇതിനൊക്കെ പരിഹാരം കാണുക. ആംസ്ട്രോങിന്റെ മൃതദേഹം പെരമ്പൂരിൽ സംസ്കരിക്കുന്നത് സർക്കാർ മനഃപൂർവം തടയുകയായിരുന്നു. ഒടുവിൽ ചെന്നൈക്ക് പുറത്തുള്ള പോട്ടൂർ എന്ന ഗ്രാമത്തിൽ സംസ്കരിക്കേണ്ടി വന്നു. ദളിത് ജനങ്ങളോടും ദളിത് നേതാക്കളോടും ഡി.എം.കെയ്ക്ക് ശരിക്കും താത്പര്യമുണ്ടോ-രഞ്ജിത്ത് ചോദിച്ചു.
‘‘ഡി.എം.കെ. സർക്കാർ അധികാരത്തിൽ വരാനുള്ള പ്രധാനപ്പെട്ട കാരണം ദളിത് വോട്ടുകളാണെന്ന കാര്യം വിസ്മരിക്കരുത്. സാമൂഹികനീതി ഉയർത്തിക്കാട്ടുന്ന ഡി.എം.കെ. യഥാർഥത്തിൽ ഇതു നടപ്പാക്കുന്നുണ്ടോ. കേസിലെ പോലീസ് അന്വേഷണത്തിൽ സംശയമുണ്ട്. കീഴടങ്ങിയവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാനാണ് പോലീസിന്റെ ശ്രമം. ആരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആരാണ് അവരെ അതിലേക്കു നയിച്ചത്’’- രഞ്ജിത് ചോദിച്ചു. ആംസ്ട്രോങ്ങിനെ റൗഡിയായി മുദ്രകുത്താൻ ശ്രമിക്കുന്ന സാമൂഹിക മാധ്യമങ്ങളെയും വിമർശിച്ചു.
ദളിതരുടെ ആത്മാഭിമാനത്തിന് വേണ്ടി സമരം ചെയ്യുന്നവരെ റൗഡികൾ എന്ന് വിളിക്കുന്നത് തെറ്റാണ്. ദളിത് നേതാക്കൾക്ക് വാഗ്ദാനം ചെയ്ത നീതിയും സുരക്ഷയും എവിടെയാണ്. തമിഴ്നാട്ടിലുടനീളമുള്ള ദളിത് സമുദായങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് രഞ്ജിത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്. അംബേദ്കർ പ്രസ്ഥാനവുമായി ബന്ധമുള്ളവരാണ് രഞ്ജിത്തും ആംസ്ട്രോങ്ങും. രഞ്ജിത്തിന്റെ നീലം ഫൗണ്ടേഷൻ സംഘടിപ്പിക്കാറുള്ള പരിപാടികളിൽ ആംസ്ട്രോങ് പങ്കെടുക്കാറുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]