
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രം ഇറങ്ങിയിട്ട് 12 വർഷമാവുന്നു. ഈയവസരത്തിൽ രസകരമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ അജു വർഗീസ്. വീഡിയോക്ക് അജു കുറിച്ച തലക്കെട്ടും അതിന് ലഭിച്ച രസകരമായ മറുപടികളും ആരാധകർ ഏറ്റെടുക്കുകയാണ്.
തട്ടത്തിൻ മറയത്തിലെ അനുരാഗത്തിൻ വേളയിൽ എന്ന വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിനൊപ്പം ചുണ്ടനക്കി അഭിനയിക്കുന്ന അജു വർഗീസാണ് വീഡിയോയിലുള്ളത്. വിനീത് ശ്രീനിവാസൻ പാടുമോ ഇതുപോലെ എന്ന് ഗായകനെ മെൻഷൻ ചെയ്ത് ചോദ്യവും തലക്കെട്ടായി നൽകി അദ്ദേഹം. അധികം വൈകാതെ അജുവിന്റെ ചോദ്യത്തിന് ഉത്തരമായി സാക്ഷാൽ വിനീത് ശ്രീനിവാസനെത്തി. എന്നെക്കൊണ്ട് പറ്റൂല അളിയാ എന്നായിരുന്നു വിനീതിന്റെ മറുപടി.
രസകരമായ പ്രതികരണങ്ങളാണ് വീഡിയോക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. മോന് സ്റ്റാർ സിംഗറിൽ ഒന്ന് ട്രൈ ചെയ്തുകൂടേ എന്നായിരുന്നു സംവിധായകൻ വിപിൻദാസിന്റെ ചോദ്യം. വിപിൻദാസ് ഒരുക്കിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലെ പ്രധാന ഗാനം പാടിയത് അജു വർഗീസ് ആയിരുന്നു. ‘ലെ വിനീതേട്ടൻ: എന്റേം നിന്റെം സൗണ്ട് ഒരുപോലെ ഇരിക്കുന്നു’, ‘എടാ മോനെ, എന്നാ ഒരു ശ്രുതിയാ’, ‘വിനീത് ന്റെ സൗണ്ട് മാത്രം കേൾക്കുന്നുണ്ട്’, ‘പാട്ടു പാടാൻ അജു കാണിക്കുന്ന ആത്മവിശ്വാസത്തിന് അങ്കിത് മേനോനാണ് കാരണം’ എന്നെല്ലാം നീളുന്നു കമന്റുകൾ.
ഇതിനുപിന്നാലെ വീണ്ടും മറ്റൊരു വിഡിയോയുമായി അജു ആരാധകർക്കു മുൻപിൽ പ്രത്യക്ഷപ്പെട്ടു. ‘ആർക്കും ഒരു സംശയം ഇല്ലല്ലോ അല്ലേ’ എന്ന ചോദ്യവുമായാണ് അജു എത്തിയത്. ശരിക്കും ഒറിജിനൽ പോലെയുണ്ടെന്നായിരുന്നു അജുവിന്റെ ലിപ് സിങ്ക് പാട്ടിന് ഒരു ആരാധകൻ കമന്റ്ചെയ്തത്. ‘കണ്ണടച്ചു കേട്ടാൽ ശരിക്കും വിനീതിന്റെ ശബ്ദം’ പോലെയുണ്ടെന്ന് മറ്റൊരു ആരാധകൻ പ്രതികരിച്ചു. അജു ചേട്ടാ ലിപ് മാത്രം മതി… ഇടക്ക് സൗണ്ട് കേറി വരുന്നു… ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ എന്നായിരുന്നു വേറൊരാരാധകന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]