
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എ.ഡി. തിയേറ്ററുകളിൽ റെക്കോഡുകൾ തീർക്കുമ്പോൾ അഭിനന്ദനങ്ങളേറ്റുവാങ്ങുന്നവരുടെ കൂട്ടത്തിൽ ഒരു മലയാളി താരവുമുണ്ട്. കൈറ എന്ന കഥാപാത്രമായെത്തിയ അന്ന ബെൻ ആണ് അത്. അതിഗംഭീര സംഘട്ടനരംഗങ്ങളിലാണ് ചിത്രത്തിൽ അന്ന ബെൻ എത്തിയത്. കൽക്കി ടീമിന് നന്ദിയറിയിച്ചുകൊണ്ട് അന്ന പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധനേടുകയാണ്.
രണ്ട് വര്‍ഷം മുമ്പ് കൈറ എന്ന കഥാപാത്രം തന്നെ തേടിയെത്തുമ്പോള്‍ അഭിനയജീവിതത്തില്‍ പുതിയ പരീക്ഷണത്തിനുള്ള അവസരമാണല്ലോ എന്നോര്‍ത്ത് താന്‍ ആവേശഭരിതയായി എന്ന്
അന്ന ബെൻ കുറിച്ചു. അതുകൊണ്ടു തന്നെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ വളരെയേറെ ആവേശംകൊണ്ടിരുന്നു. പക്ഷേ ഇത് കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അന്ന് കരുതിയില്ല. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സിനിമ നിർമ്മിച്ച നാഗ് അശ്വിൻ എന്ന ഈ അദ്ഭുത മനുഷ്യനും തന്നെ ഈ വലിയ കുടുംബത്തിന്റെ ഭാഗമാക്കിയ വൈജയന്തി മൂവീസിനും ഒരുപാട് നന്ദിയുണ്ടെന്ന് അന്ന ബെൻ പറയുന്നു.
‘‘നാഗി സർ എങ്ങനെ ഇത്രയും റിലാക്സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു. കാരണം ഈ രണ്ടുവർഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാൽ ആരും പ്രചോദിതരായിപ്പോകും. ആ കാഴ്ചപ്പാടും ജിജ്ഞാസയുമാണ് പുതിയ കാലത്തെ ഒരു മഹത്തായ സിനിമയ്ക്കു വഴിയൊരുക്കിയത്. സർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഇന്ത്യയിൽ കൈറയെ അവതരിപ്പിക്കാൻ പ്രഗത്ഭരായ നിരവധി കലാകാരികൾ ഉണ്ടായിട്ടും ഈ കഥാപാത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് ഞാൻ വളരെ നന്ദിയുള്ളവളാണ്. ഈ സിനിമയിലെ ഓരോ താരങ്ങളുടെയും ഒരു ആരാധികയായ ഞാൻ, അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതയാണ്.
അദ്ഭുതം ജനിപ്പിക്കുന്ന ആളുകളെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്ന എന്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. കൈറയ്ക്ക് നിങ്ങളെല്ലാം നൽകുന്ന സ്നേഹത്തിന് നന്ദി, അതിന് അർഹയാകാൻ ഞാൻ കഠിനമായി പരിശ്രമിക്കും. ഇനിയും വളരെയധികം കാര്യങ്ങൾ പറയാനുണ്ട്, പക്ഷേ സന്തോഷവും നന്ദിയും കൊണ്ട് ഞാൻ വീർപ്പുമുട്ടുകയാണ്.’’ അന്ന ബെൻ എഴുതി.
കൽക്കി സെറ്റിൽ നിന്നുള്ള ചിത്രങ്ങളും അന്ന ബെൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൈറ എന്ന യോദ്ധാവായാണ് അന്ന ബെൻ കൽക്കിയിലെത്തിയത്. പശുപതി, ദീപിക പദുക്കോൺ, ശോഭന എന്നിവർക്കൊപ്പമായിരുന്നു ചിത്രത്തിൽ അന്നയുടെ രംഗങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]