
കൊച്ചി: സിനിമകൾ വാങ്ങുമ്പോൾ നിശ്ചിതതുക ആദ്യം നൽകുകയും ബാക്കി ബോക്സോഫീസ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുകയുംചെയ്യുന്ന ഹൈബ്രിഡ് രീതി മലയാളത്തിലും അവതരിപ്പിക്കാൻ പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ ഒരുങ്ങുന്നു. ഇതിനൊപ്പം വലിയ മുതൽമുടക്കുള്ള സിനിമകൾ വാങ്ങുന്നത് കുറച്ചിട്ടുമുണ്ട്. അതുകൊണ്ട് വലിയ മുതൽമുടക്കില്ലാത്ത ചെറുചിത്രങ്ങളുടെ വഴിയേ നീങ്ങാനൊരുങ്ങുകയാണ് നിർമാതാക്കൾ.
ചെറിയതുക ആദ്യം നൽകി സിനിമവാങ്ങിയശേഷം കാണുന്നവരുടെ എണ്ണം കണക്കാക്കി പിന്നീട് പണം നൽകുന്ന ‘പേ പെർ വ്യൂ’ സമ്പ്രദായം ഇപ്പോൾതന്നെ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലുണ്ട്. ഇതിനൊപ്പമാണ് ഹൈബ്രിഡ് രീതിയും കൊണ്ടുവരുന്നത്. ഇതുപ്രകാരം, ‘പേ പെർ വ്യൂ’ രീതിയിൽ സിനിമവാങ്ങുമ്പോഴത്തേതിനെക്കാൾ കുറച്ചുകൂടി വലിയതുക ആദ്യം ലഭിക്കും. ബാക്കി ബോക്സോഫീസിലെ കളക്ഷൻ അനുസരിച്ച് പിന്നീട് നിശ്ചയിച്ച് നൽകും. ഇതോടെ ഒ.ടി.ടി. കച്ചവടത്തിൽ നിർമാതാക്കളുടെ വരുമാനം ഗണ്യമായി കുറയും.
വലിയ മുതൽമുടക്കുള്ള സിനിമകൾ ഹൈബ്രിഡ് രീതിയിൽ നൽകുന്നത് തീക്കളിയാണ് എന്നതിനുപുറമേ മുൻനിരതാരങ്ങളുടെ കനത്തപ്രതിഫലവും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽനിന്ന് ലഭിക്കുന്ന ഉപദേശവുമാണ് ചെറുചിത്രങ്ങളിലേക്ക് നീങ്ങാൻ നിർമാതാക്കളെ പ്രേരിപ്പിക്കുന്നത്.
മൂന്നോ നാലോ കോടി മുതൽമുടക്കുള്ള ചിത്രങ്ങൾ ഹൈബ്രിഡ് രീതിയിൽ വിറ്റാലും വലിയ അപകടം സംഭവിക്കില്ല. തീയേറ്ററിൽ ഒരാഴ്ച ഓടിയാൽപ്പോലും നഷ്ടംവരാതെ നോക്കാനാകും. സമീപകാലത്ത് കുറഞ്ഞ മുതൽമുടക്കിലെത്തിയ ചില ചിത്രങ്ങൾ തീയേറ്ററിൽ ഹിറ്റായതും നിർമാതാക്കൾ മാറിച്ചിന്തിക്കുന്നതിന് കാരണമാകുന്നുണ്ട്. വലിയ തുകമുടക്കി ബിഗ് ബജറ്റ് ചിത്രങ്ങളെടുത്തിട്ടും വരിക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകാത്തതാണ് ഹൈബ്രിഡ് രീതിയിലേക്ക് മാറാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെ പ്രേരിപ്പിച്ചത്.
രണ്ടോ മൂന്നോ മാസംകൂടുമ്പോൾ ഒരുവലിയ ചിത്രം എടുത്താൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. അതിനാകട്ടെ വലിയതുക നൽകുകയുമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]