
പ്രഭാസ്-നാഗ് അശ്വിന് ചിത്രം ‘കല്‍ക്കി 2898 എഡി’യെ വിമര്‍ശിച്ച് നടന് മുകേഷ് ഖന്ന. സിനിമയിലെ അഭിനേതാക്കളുടെ പ്രകടനത്തെയും വിഷ്വല്‍ എഫക്ടിനെയും പ്രശംസിച്ച മുകേഷ് ഖന്ന, മഹാഭാരത്തെ ഏതാനും ഭാഗങ്ങള്‍ വളച്ചൊടിച്ച അണിയറ പ്രവര്‍ത്തകരുടെ തീരുമാനം തെറ്റാണെന്ന് പറയുന്നു. ബി.ആര് ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ഭീഷ്മരായി അഭിനയിച്ച നടന് കൂടിയാണ് മുകേഷ് ഖന്ന. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വിമര്‍ശനം.
അവതാര്‍ പോലുള്ള ഹോളിവുഡ് സിനിമകള്‍ക്ക് സമാനമായ നിലവാരം ‘കല്‍ക്കി’ പുലര്‍ത്തുന്നു. അഭിനേതാക്കളുടെ പ്രകടനവും മനോഹരംതന്നെ. പ്രത്യേകിച്ച് അശ്വത്ഥാമാവായി വന്ന അമിതാഭ് ബച്ചന്റേത്. പക്ഷേ, സിനിമയുടെ തുടക്കത്തില്‍ ശ്രീകൃഷ്ണന് വന്ന് അശ്വത്ഥാമാവിന്റെ നെറ്റിയില്‍നിന്ന് ശിവമണി എടുക്കുകയും അദ്ദേഹത്തെ ശപിക്കുകയും ചെയ്യുന്നു. മഹാഭാരതത്തില്‍ അശ്വത്ഥാമാവിന്റെ നെറ്റിയിലെ ശിവമണി അര്‍ജുനും ഭീമനും ചേര്‍ന്ന് പുറത്തെടുത്ത് അത് ദ്രൗപതിക്ക് നല്‍കുകയായിരുന്നു. ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ കൊന്നതിന്റെ പ്രതികാരമായിരുന്നു അത്
വ്യാസമുനിയെക്കാള്‍ നിങ്ങള്‍ക്ക് അറിയാമെന്ന് എങ്ങനെ കരുതുന്നു. കുട്ടിക്കാലം മുതല്‍ മഹാഭാരതം വായിക്കുന്ന വ്യക്തിയാണ് താന്‍. മഹാഭാരതത്തില്‍ ശ്രീകൃഷ്ണന് താന്‍ കല്ക്കിയായി ജനിക്കുമെന്നോ അശ്വത്ഥാമാവ് ഭാവിയില്‍ തന്റെ രക്ഷകനാകുമെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. കൃഷ്ണനെപ്പോലെ ശക്തനായ ഒരാള്‍ അശ്വത്ഥാമാവിനെപ്പോലുള്ള ഒരാളോട് തന്നെ സംരക്ഷിക്കാന്‍ എങ്ങനെ ആവശ്യപ്പെടും?
ഇതിഹാസത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചതാണ് എന്നെ അലട്ടുന്നത്. തെന്നിന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മറ്റുള്ളവരേക്കാള്‍ വിശ്വാസങ്ങളെയും പാരമ്പര്യത്തെയും ബഹുമാനിക്കുന്നവരാണെന്നാണ് ഞങ്ങള്‍ ധരിക്കുന്നത്. ഇപ്പോള്‍ എന്താണ് സംഭവിച്ചത്. മഹാഭാരതമോ രാമായണമോ ഗീതയോ പോലുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ സിനിമയാക്കുമ്പോള്‍ തിരക്കഥ പരിശോധിക്കാനും നിയന്ത്രിക്കാനും സര്‍ക്കാര്‍ കമ്മിറ്റിയുണ്ടാക്കണമെന്ന് ഞാന്‍ ഈ അവസരത്തില്‍ പറയുന്നു, മുകേഷ് ഖന്ന പറഞ്ഞു.
അതേസമയം, ‘കല്‍ക്കി 2898 എഡി’ ആഗോള ബോക്സ് ഓഫീസില്‍ വന്‍ നേട്ടമാണ് കൊയ്യുന്നത്. ആദ്യവാരം പിന്നിടുമ്പോൾ 500 കോടിക്ക് മുകളില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്, കമല്‍ ഹാസന്, ദീപിക പദുക്കോണ്‍, ശോഭന, അന്നാ ബെന്‍, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്മാന് തുടങ്ങിയ വമ്പന്‍ താരങ്ങളാണ് അണിനിരന്നിരിക്കുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. പ്രേക്ഷകരില്‍നിന്ന് മികച്ച അഭിപ്രായം കരസ്ഥമാക്കി കേരളത്തില്‍ വമ്പന്‍ കളക്ഷന്‍ നേടികൊണ്ട് പ്രദര്‍ശനം തുടരുന്ന ചിത്രം 2024 ജൂണ്‍ 27-നാണ് തിയറ്റര്‍ റിലീസ് ചെയ്തത്. കേരളത്തില്‍ 320 സ്ക്രീനുകളിലായി പ്രദര്‍ശനം തുടരുന്ന ചിത്രം 2024 ജൂണ്‍ 27-നാണ് തിയേറ്റര്‍ റിലീസ് ചെയ്തത്. 320-ല്‍ 190-ഉം ത്രീഡിയാണ്.
ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]