

ബംഗളൂരു: അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഐഎസ്ആർഒ. ഈ നൂറ്റാണ്ടിൽ രണ്ടു തവണ ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപത്തെത്തും. ഭൂമിയിൽ ഇടിച്ചാൽ വംശനാശം വരെ സംഭവിക്കാമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ഛിന്നഗ്രഹത്തെ വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തിൽ ഇന്ത്യയും പങ്കാളിയാകും.
ഛിന്നഗ്രഹം ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നെന്നും ഭാവിയിൽ അത് ഭൂമിയുമായി കൂട്ടിയിടിക്കാനുളള സാധ്യതയുണ്ടെന്നും അറിയിച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നേരത്തെ രംഗത്തെത്തിയിരുന്നു. മണിക്കൂറില്‍ 16,500 കിലോമീറ്റര്‍ വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്. ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയുണ്ടെന്നാണ് നാസ വ്യക്തമാക്കുന്നത്. അത്യന്തം അപകാരിയായ അപ്പോഫിസ് എന്ന ഛിന്നഗ്രഹം 2029 ഏപ്രിൽ 13 നും വീണ്ടും 2036 ലും ഭൂമിക്ക് തൊട്ടടുത്തെത്തുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കിയത്. 370 മീറ്റർ വ്യാസമുള്ള ഛിന്നഗ്രഹത്തിനു ഭൂമിയിൽ കൂട്ടവംശനാശം ഉണ്ടാക്കാനുള്ള ശേഷിയുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.
ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുകയാണെങ്കിൽ അതിന്റെ ആഘാതം മൂലം മിക്ക ജീവജാലങ്ങളും നശിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ചൂണ്ടിക്കാണിക്കുന്നു. അത്തരമൊരു ആഘാതമാണ് ദിനോസറുകളുടെ വംശനാശത്തിനു കാരണമായതെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ ഛിന്നഗ്രഹങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ്ആർഒയും ഇക്കാര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.