
ലഖ്നൗ: ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നാല് പേരെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. സത്സംഗം നടത്തിയ ആത്മീയ പ്രഭാഷകൻ ഭോലെ ബാബയുടെ അനുയായികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭോലോ ബാബയുടെ ആശ്രമത്തിൽ വീണ്ടും പൊലീസ് പരിശോധന നടത്തി. ദുരന്തമായി മാറിയ പരിപാടിയിൽ രണ്ടര ലക്ഷം പേർ പങ്കെടുത്തെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. ആളുകളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഉത്തര്‍പ്രദേശിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഹരിയാനയിൽ നിന്നുമുള്ള നാലുപേരും മധ്യപ്രദേശിലും രാജസ്ഥാനിൽ നിന്നുമുള്ള ഓരോരുത്തരും മരിച്ചവരിലുണ്ടെന്ന് യുപി സർക്കാർ വ്യക്തമാക്കി. അന്വേഷണത്തിൽ സംസ്ഥാന സർക്കാരിനോടും പൊലീസിനോടും സഹകരിക്കാൻ തയ്യാറാണെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ അറിയിച്ചു. മൂന്നംഗ ജുഡീഷണൽ അന്വേഷണ സംഘത്തെ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ബ്രിജേഷ് കുമാർ ശ്രീവാസ്തവ നയിക്കും. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഹേമന്ത് റാവു, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഭവേഷ് കുമാർ സിങ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഇന്നലെയാണ് സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ഭൂരിഭാഗം ആളുകൾക്കും നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Last Updated Jul 4, 2024, 11:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]