
ചെന്നൈ: ഫോക്സ്കോണിന്റെ തമിഴ്നാട്ടിലെ ഐഫോൺ നിർമ്മാണ ഫാക്ടറിയിൽ വിവാഹിതരായ സ്ത്രീകൾക്ക് തൊഴിൽ നിഷേധിക്കുന്നുവെന്ന വാർത്തയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും തമിഴ്നാട് സർക്കാരിനും ആണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
അതേസമയം തമിഴ്നാട്ടിലെ ഫാക്ടറിയിൽ വിവാഹിതരെ ജോലിക്കെടുക്കില്ലെന്ന ആരോപണം ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ തള്ളി. പുതിയ നിയമനങ്ങളിൽ 25 ശതമാനവും വിവാഹിതരായ സ്ത്രീകളാണെന്നും ലിംഗഭേദമോ മറ്റ് വ്യത്യാസങ്ങളോ പരിഗണിക്കാതെ മെറിറ്റ് അടിസ്ഥാനത്തിലാണ് കമ്പനിയുടെ നിയമനങ്ങളെന്നും ഫോക്സ്കോൺ അറിയിച്ചിരിക്കുന്നത്.
ആഭരണങ്ങൾ ധരിക്കുന്നതിൻ്റെ പേരിൽ വിവാഹിതരായ ഹിന്ദു സ്ത്രീകളോട് കമ്പനി വിവേചനം കാണിക്കുന്നുവെന്ന ചർച്ചകളെയും ഫോക്സ്കോൺ തള്ളി. ഇത്തരം ഫാക്ടറികളിൽ ലോഹം ധരിക്കുന്നത് സുരക്ഷാ പ്രശ്നമാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും അതുകൊണ്ടാണ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ ലോഹം ധരിക്കരുതെന്ന് നിർദേശം നൽകിയതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കമ്പനി വിവാഹിതരായ വനിതകളെ ജോലിക്കെടുക്കില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ തമിഴ്നാട് സർക്കാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്.
Last Updated Jul 2, 2024, 2:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]