
മാന്നാർ: മരണം കണ്മുന്നിലെത്തി നിൽക്കുമ്പോൾ രക്ഷകനായ ആളെ തേടി റാന്നി ഇടമൺ സ്വദേശി നടേശൻ പരുമലയിൻ എത്തി. മാന്നാർ എമർജൻസി റെസ്ക്യൂ ടീം സെക്രട്ടറിയും മാന്നാറിലെ മാധ്യമപ്രവർത്തകനുമായ അൻഷാദ് മാന്നാറിനെ കാണാനാണ് നടേശനെത്തിയത്. മാന്നാർ പരുമലക്കടവിന് വടക്കുവശത്ത് വെച്ച് പുലർച്ചെ ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മണിക്കൂറോളം റോഡിൽ ചലനമറ്റ് ചോരയിൽ മുങ്ങിക്കിടന്ന നടേശനെ ആശുപത്രിയിലെത്തിച്ചത് അൻഷാദായിരുന്നു.
2022 മെയ് ഒൻപതിന് പുലർച്ചെ കാൽനായാത്രക്കാരനായ നടേശനെ ലോറി ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോവുകയായിരുന്നു. അപകടം നടന്ന് അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ ചോര വാർന്ന് കിടന്ന നടേശനെ ആരും ആശുപത്രിയിൽ എത്തിച്ചില്ല. വിവരം അറിഞ്ഞ അൻഷാദ് സുഹൃത്ത് ജയേഷിന്റെ ആംബുലൻസുമായി സ്ഥലത്തെത്തുകയും പൊലീസിനെ വിവരം അറിയിച്ച ശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും എത്തിക്കാൻ കഴിഞ്ഞതാണ് നടേശന് ജീവിതം തിരിച്ച് കിട്ടിയത്.
ഈ പ്രവൃത്തിക്ക് അന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ആയിരുന്ന ജി.ജയദേവ് ഐ.പി.എസ് അൻഷാദിന് അനുമോദന പത്രം നൽകി ആദരിക്കുകയും ചെയ്തിരുന്നു. പിന്നീട് മാസങ്ങളോളം ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ ശേഷം റാന്നിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു നടേശൻ. അപകടത്തിൽ സംഭവിച്ച പരിക്കുകൾ ഭേദപ്പെട്ട ശേഷം ഇന്നലെ പരുമലയിലെ ബന്ധുവീട്ടിൽ എത്തിയപ്പോൾ തന്റെ രക്ഷകനെ കാണാൻ നടേശൻ ആഗ്രഹം പ്രകടിപ്പിക്കുകയാകയായിരുന്നു.
ബന്ധു വഴി അൻഷാദിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് നടേശൻ അൻഷാദിനെ വിളിക്കുകയും തുടർന്ന് അൻഷാദ് പരുമലയിലുള്ള അദ്ദേഹത്തിൻ്റെ ബന്ധു വീട്ടിൽ എത്തി കാണുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച ആളിനെ ആദ്യമായി കണ്ടപ്പോൾ കൂടുതൽ സന്തോഷവും അതോടൊപ്പം സങ്കടവും പ്രകടിപ്പിച്ച നടേശൻ തന്റെ വിശേഷങ്ങൾ അൻഷാദുമായി പങ്കിട്ടു. നേരിട്ട് കാണണമെന്ന് പല തവണ ആഗ്രഹിച്ചിരുന്നതായും കുറച്ച് നാൾ മുൻപ് പരുമലയിൽ വന്നെങ്കിലും കാണാൻ കഴിഞ്ഞില്ലെന്നും വിതുമ്പലോടെ പറഞ്ഞ നടേശൻ അൻഷാദിനോട് നന്ദി പറഞ്ഞാണ് മടങ്ങിയത്.
Last Updated Jun 30, 2024, 10:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]