
കന്നഡ സൂപ്പർതാരം ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും കൊലപാതകക്കേസിൽ അറസ്റ്റിലായ സംഭവത്തിന്റെ അലയൊലികൾ അടങ്ങുന്നില്ല. ദർശനും പവിത്രയും ഉൾപ്പെട്ട രേണുകാസ്വാമി എന്നയാളുടെ കൊലപാതകക്കേസ് സിനിമയാക്കാൻ നിരവധി പേർ രംഗത്തുവന്നിരിക്കുന്നു എന്നാണ് സാൻഡൽവുഡിൽനിന്നുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാൻ സമീപിച്ചവരെ കർണാടക ഫിലിം ചേംബർ തിരിച്ചയച്ചു എന്നും വാർത്തയുണ്ട്.
രേണുകാസ്വാമി കൊലക്കേസ് സിനിമയാക്കാനും ചിത്രത്തിന് നൽകാനുദ്ദേശിക്കുന്ന പേര് രജിസ്റ്റർ ചെയ്യാനും കഴിഞ്ഞദിവസം കർണാടക ഫിലിം ചേംബറിലേക്ക് സംവിധായകരുടേയും എഴുത്തുകാരുടേയും ഒഴുക്കായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡി ഗ്യാങ്, പട്ടനഗെരെ ഷെഡ്, ഖൈദി NO-6106 തുടങ്ങിയവയാണ് രജിസ്ട്രേഷനെത്തിയ ചില പേരുകൾ.
ഈ പേരുകളിൽ ഡി ഗ്യാങ് എന്നതിലെ ഡി എന്ന അക്ഷരം ദർശനെയാണ് സൂചിപ്പിക്കുന്നത്. കർണാടകയിൽ ആരാധകർ ദർശനെ ‘ഡി ബോസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. രേണുകാസ്വാമിയെ ദർശന്റെ സാന്നിധ്യത്തിൽ കൊലപ്പെടുത്തിയ സ്ഥലം എന്ന അർത്ഥത്തിലുള്ളതാണ് പട്ടനഗെരെ ഷെഡ് എന്ന ടൈറ്റിൽ കൊണ്ടുദ്ദേശിക്കുന്നത്. പരപ്പന അഗ്രഹാര ജയിലിലാണ് നിലവിൽ ദർശനുള്ളത്. ഇവിടത്തെ ഇയാളുടെ പ്രിസണർ നമ്പറാണ് 6106. ഖൈദി NO-6106 പേര് ഇതാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
രണ്ടുവർഷം മുൻപ് താൻ ആലോചിച്ച പേരാണ് ഡി-ഗ്യാങ് എന്ന് തിരക്കഥാകൃത്ത് റോക്കി സോംലി പറഞ്ഞു. എന്നാൽ ദർശന്റെ അറസ്റ്റുനടന്നതോടെ ഈ പേര് ഉടനടി ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട ചാനൽ വാർത്തകളിൽ ഇതേ വാക്ക് പലതവണ ആവർത്തിച്ചുവന്നതും രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കാൻ പ്രേരിപ്പിച്ചു. രണ്ടുവർഷം മുൻപേ പ്ലാനിട്ടിരുന്നതുകൊണ്ട് ആ പേരിന് രജ്സ്ട്രേഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റോക്കി പറഞ്ഞു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഇതുമായി ബന്ധപ്പെട്ട സിനിമാ പേരുകൾക്ക് അനുമതി നൽകില്ലെന്നാണ് ഫിലിം ചേംബർ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ ഒൻപതിനാണ് രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരു സുമനഹള്ളിയിലെ ഓവുചാലിൽ കണ്ടെത്തിയത്. 11-ന് ദർശനും പവിത്രയും ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. ദർശൻ രണ്ടാംപ്രതിയാണ്. പവിത്രയ്ക്ക് സാമൂഹികമാധ്യമത്തിലൂടെ അശ്ലീല കമന്റുകൾ അയച്ചതിന്റെ വൈരാഗ്യത്തിൽ ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി മൃതദേഹം ഓവുചാലിൽ തള്ളിയെന്നാണ് കേസ്. തലയിലുൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേൽപ്പിച്ചിരുന്നു. ഷോക്കേൽപ്പിക്കുകയുംചെയ്തു. മുറിവിൽനിന്ന് രക്തംവാർന്നുപോയതും ഷോക്കേറ്റതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]