
ദില്ലി: സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈ 23 അല്ലെങ്കിൽ 24 കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചെങ്കിലും, ധനമന്ത്രി നിർമല സീതാരാമൻ്റെ കേന്ദ്ര ബജറ്റ് അവതരണത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണ്. മൺസൂൺ സെഷൻ ജൂലൈ 22 ന് ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 9 വരെ സമ്മേളനം തുടരാനാണ് സാധ്യത.
തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയായ നിർമല സീതാരാമൻ ജൂൺ 22 ന്, 53-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വരുന്ന ബജറ്റിൽ, പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും.
അഞ്ച് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ആയിരുന്നു ഇത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമൻ 58 മിനിറ്റുകൾകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആയിരുന്നു 2024 ഫെബ്രുവരിയിൽ നടന്നത്.
ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ ആറ് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ധനമന്ത്രി നിർമ്മല സീതാരാമൻ 2019,2020,2021,2022, 2023 വർഷങ്ങളിലായി അഞ്ച് സമ്പൂർണ ബജറ്റുകളാണ് അവതരിപ്പിച്ചത്.
Last Updated Jun 29, 2024, 6:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]