
കൊച്ചി: സിനിമകളുടെ ലാഭവിഹിതം പെരുപ്പിച്ചുകാട്ടാൻ മലയാള സിനിമയിൽ ഇടനില സംഘങ്ങൾ സജീവം. ആളില്ലാത്ത സിനിമകൾക്ക് കാണികളെ എത്തിക്കാനും തിയേറ്റർ ബുക്കിങ് ആപ്പുകളിൽ റേറ്റിങ് വ്യാജമായി കൂട്ടാനുമാണ് ഇടനിലക്കാർ പ്രവർത്തിക്കുന്നത്. കളളപ്പണം വെളുപ്പിക്കാൻ ലാഭവിഹിതം പെരുപ്പിച്ചുകാട്ടിയെന്ന ആരോപണത്തിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തരം ഇടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
‘തകർത്തു, പൊളിച്ചു, മാരകം’ എന്നൊക്കെ പറഞ്ഞ്, നമ്മൾ കേൾക്കുന്ന പല വിശേഷണങ്ങളും വന്ന വഴി കണ്ടല്ലോ, ചില സിനിമകൾ ഒക്കെ ഒടിടിയിൽ കണ്ട്, ഇതാണോ ഇത്ര വലിയ ഹൈപ്പ് ഉണ്ടാക്കിയത് എന്ന് നമ്മൾ എത്ര തവണ ചിന്തിച്ചിട്ടുണ്ട്. പല ചിത്രങ്ങളും അങ്ങനെയാണ്. കാശ് കൊടുത്ത് വാങ്ങുന്ന റിവ്യൂവും റേറ്റിംഗുകളാണ് ഇതിനൊക്കെ പിന്നിലെന്നാണ് പുറത്തുവരുന്നത്. മലയാളത്തിൽ കുറേ നാളായി സിനിമകളുടെ പെരുമഴക്കാലമാണ്. റീലീസ് ചെയ്ത് രണ്ടുദിവസം കഴിഞ്ഞാൽ ഏതും പിന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. നാലാളു കയറാത്ത സിനിമപോലും റേറ്റിങ് ചാർട്ടുകളിൽ ഒന്നാമതെത്തും.-ഇതാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിലേക്ക് നയിച്ചത്.
മലയാളത്തിലെ ചില സിനിമാ നിർമാതാക്കളിൽ നിന്ന് തന്നെയാണ് തിയേറ്ററുകളിലേക്ക് ആളെ കയറ്റുന്ന ഇടനിലസംഘങ്ങളെ കുറിച്ച് അറിഞ്ഞത്. മീനച്ചിൽ ഡയറീസ് എന്ന പേരിൽ സിനിമയെടുക്കുന്നുവെന്നും ഓഗസ്റ്റ് പതിനഞ്ചിന് റിലീസ് എന്നും പറഞ്ഞ് അന്വേഷണത്തിൻ്റെ ഭാഗമായി ഇടനിലക്കാരെ സമീപിക്കുകയായിരുന്നു. താരങ്ങളൊന്നുമില്ല, ഒടിടിടയടക്കം വിറ്റുപോകാൻ വേണ്ട ഗിമ്മിക്കുവേണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതോടെയാണ് അമ്പരപ്പിക്കുന്ന വിവരം അറിഞ്ഞത്.
അൻപത് സെന്ററുകളിൽവരെ ഇടനിലക്കാർ തിയേറ്ററുകളിലേക്ക് ആളെ കയറ്റിത്തരും. കൊച്ചിയിൽ മാളുകളിലടക്കം എല്ലായിടത്തും ആളുണ്ട്. ഓരോ ഷോയ്ക്കും ആളെ കയറ്റും. ടിക്കറ്റ് ചാർജിന് പുറമേ ഓരോ ടിക്കറ്റിനും സർവീസ് ചാർജും വേണം. തിയേറ്റർ ആപ്പുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യും. അതിന്റെ രസീതും കയറിയവരുടെ ചിത്രങ്ങളും തെളിവായി അയച്ചുതരും. എല്ലാ ദിവസവും വൈകുന്നേരം കണക്ക് സെറ്റിൽ ചെയ്യും. പ്രേക്ഷകർ കൈവിട്ട സിനിമകൾക്കുപോലും കിടു, സൂപ്പർ, പൊളി എന്നൊക്കെ റിവ്യൂവും റേറ്റിങ്ങും വരുത്തുന്നതിനും വേറെ കാശുകൊടുക്കണമെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇങ്ങനെ റിവ്യുവും റേറ്റിങ്ങും എഴുതിച്ച് ആളെ കയറ്റിയിട്ട് നിർമാതാക്കൾക്ക് എന്താണ് ഗുണമെന്ന് തോന്നും. എന്നാൽ ഒടിടി വിൽപ്പനയാണ് നിർമാതാക്കളുടെ പ്രധാന വരുമാന സ്രോതസ്. തിയേറ്ററുകളിൽ അത്യാവശ്യം ഓടിയ സിനിമകളെ വാങ്ങാൻ ആളുണ്ടാവൂ. സാറ്റലൈറ്റ് വിൽപ്പനയ്ക്കും ഓടിയ സിനിമകൾ വേണം. റിലീസ് ദിവസം തന്നെ കാശുകൊടുത്ത് പോസിറ്റീവ് റിവ്യൂ എഴുതിച്ചാലേ തിയേറ്റർ ആപ്പുകളിലെ കമന്റ്സ് നോക്കി ആളുകയറൂ. കാശുകൊടുത്ത് ആളെ കയറ്റുന്നതിലൂടെ കൂടുതൽ ദിവസങ്ങൾ തിയേറ്ററിൽ ഓടിയെന്ന് വരുത്തിത്തീർക്കാം. അതുവഴികൂടുതൽ കച്ചവടം നടക്കും. കളളപ്പണം വെളുപ്പിക്കേണ്ടവർക്ക് അതിനുളള വഴികൂടിയാണിതെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. വ്യാജമാർക്കറ്റിങ് തന്ത്രങ്ങളിലൂടെ സിനിമയെ വിറ്റു കാശാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ചില നിർമാതാക്കൾ തന്നെ സിനിമാ സംഘടനകൾക്ക് പരാാതി നൽകിയിട്ടുണ്ട്.
Last Updated Jun 29, 2024, 7:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]