

നെവാഡ: കോപ്പ അമേരിക്കയിൽ പരാഗ്വയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീലിന് മിന്നും ജയം.ജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ പരാഗ്വ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ കൊളംബിയയുമായി സമനില പിടിച്ചാലും ബ്രസീലിന് ക്വാര്‍ട്ടറിലെത്താം. ഗ്രൂപ്പില്‍ നിന്ന് കൊളംബിയ നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ കോസ്റ്റോറിക്കയുമായി ബ്രസീല്‍ സമനില വഴങ്ങിയിരുന്നു. ഗോള്‍രഹിതമായ അരമണിക്കൂറിനുശേഷം 35-മിനുട്ടിൽ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി ആദ്യം ലീഡെടുത്തത്. 43- മിനുട്ടിൽ സാവിയോ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമിൽ വിനീഷ്യസ് വീണ്ടും ഗോൾ സ്കോർ ചെയ്തു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പരാഗ്വ ഒരു ഗോൾ തിരിച്ചടിച്ചു. 48- മിനുട്ടിൽ ഒമർ അൽഡെറേറ്റാണ് ഒരു ഗോൾ മടക്കിയത്. എന്നാൽ 65-മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി ലൂക്കാസ് പക്വറ്റ ബ്രസീലിന്റെ വിജയം ആധികാരികമാക്കി. നേരത്തെ 31- മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലൂക്കാസ് പക്വറ്റ പാഴാക്കിയിരുന്നു.
കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ ആദ്യ ജയമാണിത്. പന്തടക്കത്തിലും പാസിംഗിലും ബ്രസീലുമായി ഒപ്പം പിടിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മയാണ് പരാഗ്വേയ്ക്ക് വിനയായത്. മറുവശത്ത് ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കാന്‍ ബ്രസീലിനായി. പരാഗ്വേയും ബ്രസീലും ആറ് ഷോട്ടുകള്‍ വീതം ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോള്‍ നാലും ഗോളാക്കാന്‍ ബ്രസീലിനായി. പരാഗ്വേയ്ക്ക് ആകട്ടെ ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്. 81-ാം മിനിറ്റില്‍ ബ്രസീല്‍ താരം ഡഗ്ലസ് ലൂയിസിനെ ഫൗള്‍ ചെയ്തതിന് മിഡ് ഫീല്‍ഡര്‍ ആന്ദ്രേസ് ക്യുബാസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് പത്ത് പേരുമായാണ് പരാഗ്വേ മത്സരം പൂര്‍ത്തിയാക്കിയത്. നേരത്തെ പെനല്‍റ്റി ബോക്സില്‍ ക്യുബാസിന്റെ കൈയില്‍ പന്ത് കൊണ്ടതിനായിരുന്നു റഫറി ബ്രസീലിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. എന്നാല്‍ കിക്കെടുത്ത പക്വെറ്റ പന്ത് പുറത്തേക്കടിച്ച് ആദ്യ ഗോളിനുള്ള അവസരം നഷ്ടമാക്കുകയായിരുന്നു. കോസ്റ്റോറിക്കയെ തകര്‍ത്ത് കൊളംബിയ കോപ്പ അമേരിക്കയിലെ മറ്റൊരു മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച കോസ്റ്ററിക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് കൊളംബിയ ക്വാര്‍ട്ടറിലെത്തി. 31- മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് ലൂയിസ് ഡയസാണ് കൊളംബിയയെ മുന്നിലെത്തിച്ചത്. 59- മിനുട്ടിൽ കോർണർ കിക്ക് ഹെഡർ ഗോളാക്കി മാറ്റി ഡാവിൻസൺ സാഞ്ചസ് കൊളംബിയയുടെ ലീഡ് ഇരട്ടിയാക്കി. 62- മിനുട്ടിൽ ജോൺ കോർഡോബ മൂന്നാം ഗോളും കണ്ടെത്തി. കോസ്റ്ററിക്കയ്ക്ക് ഓൺ ടാർജറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. രണ്ടാം ജയത്തോടെ കൊളംബിയ ക്വർട്ടർ ഫൈനൽ ഉറപ്പിച്ചു