
റിയാദ്: വേനൽ കടുത്തതോടെ സൗദിയിൽ ഉഷ്ണ തരംഗം പ്രകടമായി. വ്യാഴാഴ്ച സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ രേഖപ്പെടുത്തിയത് 50 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ചൂടാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി വ്യക്തമാക്കി. കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയിലും ഉഷ്ണ തരംഗം വരും ദിവസങ്ങളിലും തുടരാനാണിടയെന്നും വേനൽക്കാലത്തിന്റെ ആദ്യ പാദമേ ആയിട്ടുള്ളൂവെന്നും താപനില ഇനിയും കടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ തെക്കൻ മേഖലയിലെ അസീർ പ്രവിശ്യയിലും ജീസാനിലും ഇടിമിന്നലും ശക്തമായ കാറ്റുമാണ് ഉണ്ടാകാൻ സാധ്യത. അതേസമയം മക്ക മേഖലയിൽ പൊടി ഇളക്കിവിടുന്ന രീതിയിലുള്ള കാറ്റാണ് വീശാൻ സാധ്യത. കിഴക്കൻ പ്രവിശ്യയിലും റിയാദിലും ഇനിയുള്ള ദിവസങ്ങളിൽ കഠിനമായ ചൂട് അനുഭവപ്പെടുമെന്നതിനാൽ കടുത്ത ജാഗ്രത പാലിക്കണമെന്നും ഉഷ്ണതരംഗം ആഞ്ഞുവീശുമെന്നും അതനുസരിച്ച് അപ്പപ്പോൾ ആവശ്യമായ മുന്നറിയിപ്പുകളും ജാഗ്രതാനിർദേശങ്ങളും കേന്ദ്രം നൽകുമെന്നും ഖഹ്താനി വ്യക്തമാക്കി.
Read Also –
കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയത് ആ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലുണ്ടായിട്ടില്ലാത്ത 47 ഡിഗ്രി സെൽഷ്യസ് ചൂടാണ്. മധ്യമ പ്രവിശ്യയിലെ വാദി ദവാസിർ, വടക്കുകിഴക്കൻ മേഖലയിലെ ഹഫർ അൽബാത്വിൻ എന്നിടങ്ങളിൽ വ്യാഴാഴ്ച 46 ഡിഗ്രിയും മക്ക, അൽഖർജ്, ശറൂറ, റൗദ അൽ തനാഹത്, അൽദഹന, അൽസമ്മാൻ എന്നിവിടങ്ങളിൽ 45 ഡിഗ്രിയും റിയാദിൽ 44 ഡിഗ്രിയും ചൂടാണ് രേഖപ്പെടുത്തിയത്.
പൊതുവേ തണുത്ത മേഖലകളായ അസീർ പ്രവിശ്യയിലെ അൽസൗദ പർവത മേഖലയിൽ 15 ഡിഗ്രിയും അബഹയിൽ 19 ഡിഗ്രിയും അൽബാഹയിൽ 20 ഡിഗ്രിയും വടക്കൻ മേഖലയിലെ മഞ്ഞുവീഴ്ചയുണ്ടാവാറുള്ള അൽഖുറയാത്തിൽ 23 ഡിഗ്രിയും തുറൈഫിൽ 24 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി.
Last Updated Jun 28, 2024, 12:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]