
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പൊലീസിന്റെ പിടിയിലായി. വധശ്രമം, പിടിച്ചുപറി, മോഷണം, വീടുകയറി ആക്രമണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ‘വാണ്ട ഷാനവാസ്’ എന്നറിയപ്പെടുന്ന നെടുമങ്ങാട് കരിപ്പൂർ തേവരു കുഴിയിൽ ലക്ഷംവീട്ടിൽ ഷാജിയുടെ മകൻ ഷാനവാസ് (41) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
യുവാവിന്റെ കൈയിൽ നിന്നും പണം പിടിച്ചു പറിച്ചത് തിരികെ നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയായിരുന്നു ആക്രമണം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. നെടുമങ്ങാടിന് അടുത്തുള്ള വാണ്ട എന്ന സ്ഥലത്തേക്ക് യുവാവിനെ വിളിച്ചുവരുത്തി ഷാനവാസ് തന്റെ കൂട്ടാളിയായും നിരവധി കേസുകളിൽ പ്രതിയായ അനീഷുമായി ചേർന്ന് യുവാവിനെ വടിവാളു കൊണ്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് നെടുമങ്ങാട് പൊലീസ് പൊക്കിയത്. നെടുമങ്ങാട് എസ് എച്ച് ഒ അനീഷ് ബി., എസ് ഐ അനിൽകുമാർ, എ എസ് ഐ വിജയൻ, സിപിഒ മാരായ ജവാദ്, സജു, ജിജിൻ, വൈശാഖ്, എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം ഷാനവാസിനെ നേരത്തെ നാടുകടത്തിയിരുന്നു. യുവാവിനെ വെട്ടിയ കേസിൽ ഷാനവാസിന്റെ കൂട്ടാളിക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.
Last Updated Jun 28, 2024, 11:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]