
ദില്ലി: തമിഴ്നാട്ടിലെ ഫാക്ടറിയിൽ വിവാഹിതരെ ജോലിക്കെടുക്കില്ലെന്ന ആരോപണം തള്ളി ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ. പുതിയ നിയമനങ്ങളിൽ 25 ശതമാനവും വിവാഹിതരായ സ്ത്രീകളാണെന്നും ലിംഗഭേദമോ മറ്റ് വ്യത്യാസങ്ങളോ പരിഗണിക്കാതെ മെറിറ്റ് അടിസ്ഥാനത്തിലാണ് കമ്പനിയുടെ നിയമനങ്ങളെന്നും ഫോക്സ്കോൺ അറിയിച്ചു. ജീവനക്കാർ ലോഹം ധരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന സുരക്ഷാ പ്രോട്ടോക്കോൾ വിവേചനപരമല്ലെന്നും കമ്പനി സർക്കാരിനെ അനൗദ്യോഗികമായി അറിയിച്ചു.
കമ്പനി വിവാഹിതരായ വനിതകളെ ജോലിക്കെടുക്കില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ തമിഴ്നാട് സർക്കാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്. വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കില്ലെന്നത് തങ്ങളുടെ നയത്തിൻ്റെ ഭാഗമല്ലെന്നും നിയമനം ലഭിക്കാത്ത ഏതെങ്കിലും വ്യക്തികളാകാം ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും കമ്പനി അറിയിച്ചു. ഇത്തരം മാധ്യമ റിപ്പോർട്ടുകൾ അതിവേഗം വളരുന്ന ഇന്ത്യൻ ഉൽപ്പാദന മേഖലയെ അപകീർത്തിപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Read More….
പുതിയ നിയമനങ്ങളിൽ 25 ശതമാനവും വിവാഹിതരായ സ്ത്രീകളാണെന്ന് ഫോക്സ്കോൺ വ്യക്തമാക്കിയിരുന്നു. ഫോക്സ്കോൺ ഫാക്ടറിയിൽ നിലവിൽ 70 ശതമാനം സ്ത്രീകളും 30 ശതമാനം പുരുഷന്മാരുമാണ് ജോലി ചെയ്യുന്നത്. കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ ഫാക്ടറിയാണ് ഫോക്സ്കോൺ. 45,000 തൊഴിലവസരങ്ങളാണ് കമ്പനി സൃഷ്ടിച്ചത്. ലോഹങ്ങൾ (ആഭരണങ്ങൾ) ധരിക്കുന്നതിൻ്റെ പേരിൽ വിവാഹിതരായ ഹിന്ദു സ്ത്രീകളോട് കമ്പനി വിവേചനം കാണിക്കുന്നുവെന്ന ചർച്ചകളെയും ഫോക്സ്കോൺ തള്ളി. ഇത്തരം ഫാക്ടറികളിൽ ലോഹം ധരിക്കുന്നത് സുരക്ഷാ പ്രശ്നമാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും അതുകൊണ്ടാണ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ ലോഹം ധരിക്കരുതെന്ന് നിർദേശം നൽകിയതെന്നും കമ്പനി വ്യക്തമാക്കി.
Last Updated Jun 27, 2024, 4:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]