
ദില്ലി: അടിയന്തരാവസ്ഥ വിഷയത്തില്‍ സ്പീക്കർ പ്രമേയം അവതരിപ്പിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്പീക്കർ ഓം ബിർളയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ രാഹുൽ കടുത്ത പ്രതിഷേധമാണ് വ്യക്തമാക്കിയത്. കീഴ്വഴക്കം അനുസരിച്ചുള്ള കൂടിക്കാഴ്ചയിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം എന്ന നിലയിൽ രാഹുൽ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുമാണ് സ്പീക്കറെ കണ്ടത്.
സ്പീക്കറായി തെരഞ്ഞെടുത്ത ശേഷം ഓം ബിർള ആദ്യം വായിച്ചത് അടിയന്തരാവസ്ഥയ്ക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന പ്രമേയമായിരുന്നു. കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ ഇന്നലെ പ്രമേയം സഭ പാസാക്കുകയും ചെയ്തു. അടിയന്തരാവസ്ഥയുടെ ഇരകളെ ഓർത്ത് രണ്ടു മിനിറ്റ് ലോക്സഭ മൗനം ആചരിക്കുന്ന അസാധാരണ കാഴ്ചയാണ് ഇന്നലെ കണ്ടത്. ആദ്യ ദിനം തന്നെ കോൺഗ്രസിനെ ഒറ്റപ്പെടുത്താനും വിട്ടുവീഴ്ടയ്ക്കില്ലെന്ന സന്ദേശം നല്‍കാനും സ്പീക്കറിലൂടെ സർക്കാർ ശ്രമിക്കുകയായിരുന്നു. ഇന്ദിരഗാന്ധിയേയും കോൺഗ്രസിനെയും പരാമർശിക്കുന്ന പ്രമേയമാണ് സ്പീക്കർ വായിച്ചത്.
ഭരണപക്ഷം പിന്നീട് പ്ലക്കാർഡുമായി സഭയിൽ നിന്ന് മുദ്രാവാക്യം മുഴക്കി ഇറങ്ങി പാർലമെന്റ് കവാടത്തിൽ ധർണ്ണ നടത്തി പ്രതിഷേധിച്ചിരുന്നു. അപ്രഖ്യാപിത അടയിന്തരാവസ്ഥ എന്ന് വിളിച്ചു പറഞ്ഞാണ് കോൺഗ്രസ് ഇതിനെ നേരിട്ടത്. കോൺഗ്രസ് ഭരണഘടന ഉയർത്തി നടത്തുന്ന നീക്കം ചെറുക്കാനായിരുന്നു ബി ജെ പിയുടെ ശ്രമമെന്നാണ് വിലയിരുത്തലുകൾ.
Last Updated Jun 27, 2024, 5:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]