

അനധികൃതമായി ജോലിയ്ക്ക് ഹാജരാകാത്ത ഡോക്ടർമാർക്കതിരേ നടപടി ; 56 പേരും കോട്ടയം ഉൾപ്പെടെയുള്ള സർക്കാർ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാർ ; അവധിയില്‍ രണ്ടായിരത്തോളം ജീവനക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അനധികൃതമായി ജോലിക്കു ഹാജരാകാത്ത 56 ഡോക്ടർമാർക്കതിരേ നടപടിയുമായി ആരോഗ്യവകുപ്പ്. തിരികെയെത്താൻ നേരത്തേ അവസരം നല്‍കിയെങ്കിലും ഇവർ ജോലിയില്‍ പ്രവേശിച്ചിട്ടില്ല.
56 പേരും സർക്കാർ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാരാണ്. 2008 മുതല്‍ 15 വർഷത്തിലേറെയായി ജോലിക്കെത്താത്ത ഡോക്ടർമാർ ഇക്കൂട്ടത്തിലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
15 ദിവസത്തിനകം ഹാജരാകാൻ അന്തിമനോട്ടീസ് നല്‍കും. അതും പാലിച്ചില്ലെങ്കില്‍ ഇനിയൊരു അറിയിപ്പില്ലാതെതന്നെ പിരിച്ചുവിടാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതൊടൊപ്പം മറ്റുസർക്കാർ ആശുപത്രികളില്‍ ജോലിക്ക് എത്താത്തവരുടെ കണക്കെടുപ്പും തുടങ്ങി. ഇവർക്കും നോട്ടീസ് നല്‍കും. ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും.
ഉന്നതപഠനം, ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി പലകാരണങ്ങള്‍ പറഞ്ഞാണ് സർക്കാർ ഡോക്ടർമാർ ഏതാനും വർഷത്തേക്ക് അവധിയെടുക്കുന്നത്. നിശ്ചിതസമയത്തിനുള്ളില്‍ ജോലിക്കെത്തിയില്ലെങ്കില്‍ നോട്ടീസ് നല്‍കാറുണ്ട്. ചിലർ ജോലിക്കുകയറും. എന്നാല്‍, വീണ്ടും അവധിയെടുക്കും. പലരും നാട്ടിലും വിദേശത്തും ജോലിചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പിരിച്ചുവിടാൻ നടപടിയാരംഭിച്ചത്. തിരിച്ചു ജോലിക്കുകയറാൻ പലതവണ അവസരം നല്‍കിയെങ്കിലും അനധികൃത അവധിയില്‍ തുടരുകയാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.
കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കൊല്ലം, ഇടുക്കി, വയനാട് മെഡിക്കല്‍ കോളേജുകളില്‍നിന്നാണ് 56 ഡോക്ടർമാർ മാറിനില്‍ക്കുന്നത്. ലക്ചറർ, അസിസ്റ്റന്റ് പ്രൊഫസർമാർ തുടങ്ങിയ തസ്തികകളിലുള്ളവരാണിത്.
അനധികൃത അവധിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാണ് മുന്നില്‍. 13 പേരാണ് ഇവിടെ അവധിയിലുള്ളത്. 56 പേരുടെയും വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തി. ഇവർ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമുമ്ബാകെ എത്താനാണ് നിർദേശം.
ഡോക്ടർമാരുള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരാണ് ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറയുന്നു. സർക്കാരാശുപത്രികളില്‍ അവധിയെടുത്തുമുങ്ങുന്ന ഡോക്ടർമാർ നല്കിയ അപേക്ഷകള്‍ പരിശോധിക്കും. പ്രസവാവധിയെടുത്തുവരെ മുങ്ങിയ ഡോക്ടർമാരുണ്ടെന്നാണ് പ്രാഥമിക വിവരം.ഓരോ ആശുപത്രിയിലും ദീർഘകാല അവധിയിലുള്ളവരുടെ വിവരം ശേഖരിച്ച് പ്രസിദ്ധപ്പെടുത്തും. അവധിയില്‍പ്പോയ 119 ഡോക്ടർമാരെ നേരത്തേ പിരിച്ചുവിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]