
സവർക്കറുടെ ജീവിതം പ്രമേയമായ ‘സ്വതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന് ബോളിവുഡിൽ നിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് നടനും സംവിധായകനുമായ രൺദീപ് ഹൂഡ. സംവിധായകനായി രൺദീപ് ഹൂഡ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് പ്രധാനവേഷത്തിൽ എത്തുന്നതും. നിർമാതാവ് സാജിദ് നാദിയാവാലയാണ് ചിത്രമൊരുക്കാൻ തന്നെ സഹായിച്ചതെന്നും രൺദീപ് ഹൂഡ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
തൻ്റെ ചിത്രത്തിന് ബോളിവുഡ് ഒരു പിന്തുണയും നൽകിയില്ലെന്നാണ് രൺദീപ് ഹൂഡ പറയുന്നത്. ചിത്രം പൂർത്തിയാക്കാൻ താൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നുവെന്ന് നടൻ നേരത്തെ പറഞ്ഞിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ തിരിച്ചടിയായെന്നും ചിത്രത്തിനായി സ്വത്തുക്കൾ വിൽക്കേണ്ടി വന്നുവെന്നും താരം ചൂണ്ടിക്കാട്ടി. ഇത്രയൊക്കെ ചെയ്തിട്ടും തനിക്ക് ഇൻഡസ്ട്രിയിൽ നിന്നുള്ള പിന്തുണ ലഭിച്ചില്ലെന്ന നിരാശയാണ് രൺദീപ് ഹൂഡ പങ്കുവെച്ചത്. താൻ പ്രേക്ഷകർക്ക് വേണ്ടിയാണ് ചിത്രം ചെയ്യുന്നതെന്നും ബോളിവുഡിന് വേണ്ടിയല്ലെന്നും താരം കൂട്ടിച്ചേർത്തു.
സവർക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രൺദീപ് ഹൂഡ വലിയ ശാരീരികമാറ്റത്തിന് വിധേയനായിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി 18 കിലോയോളമാണ് രൺദീപ് കുറച്ചത്.
2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകൻ. എന്നാൽ 2022 ൽ അദ്ദേഹം ചിത്രത്തിൽ നിന്ന് പിൻമാറി. ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ രൺദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടർന്ന് ചിത്രത്തിൽ നിന്ന് പിൻമാറിയെന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തൽ. അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആർ ഭക്തി ക്ലെൻ, മാർക്ക് ബെന്നിങ്ടൺ, അമിത് സിയാൽ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2024 മാർച്ച് 22 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]