
ബെംഗളൂരു:തകർച്ചയിലായ എജ്യു-ടെക് സ്ഥാപനമായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന് ആശ്വാസം. കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രതിസന്ധിക്ക് കാരണം മാനേജ്മെന്റിന്റെ പിടിപ്പ് കേടെന്നും കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സാമ്പത്തിക വാർത്താ ഏജൻസിയായ ബ്ലൂംബർഗാണ് അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടത്.
നിക്ഷേപകരുടെ പിൻമാറ്റം, പല കോടതികളിലെ കേസുകൾ, വരുമാനം ഏതാണ്ട് നിലച്ച അവസ്ഥ എന്നിങ്ങനെ ആകെ തകർച്ചയിലായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന് നേരിയ ആശ്വാസമാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ട്. ഒരു വർഷം നീണ്ട അന്വേഷണമാണ് കോർപ്പറേറ്റ് കാര്യമന്ത്രാലയം നടത്തിയത്. കമ്പനിയുടെ അക്കൗണ്ടുകളും പർച്ചേസുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രസംഘം പരിശോധിച്ചു. അന്വേഷണ റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവിട്ടത്.
ഫണ്ട് കടത്തലോ പണം പെരുപ്പിച്ച് കാട്ടലോ ബൈജൂസ് നടത്തിയിട്ടില്ലെന്നും വഴി വിട്ടതോ നിയമവിരുദ്ധമോ ആയ സാമ്പത്തിക ഇടപാടുകളുമില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.കോർപ്പറേറ്റ് മാനേജ്മെന്റ്, കമ്പനിയുടെ ഫണ്ട് കൃത്യമായി കൈകാര്യം ചെയ്യാതിരുന്നതാണ് തകർച്ചയ്ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടിലുണ്ട്. കൃത്യമായ ഓഡിറ്റിനും ഫണ്ട് കൈകാര്യം ചെയ്യാനും ബൈജൂസ് പ്രൊഫഷണലായ ആളുകളെ നിയമിച്ചില്ല.
പല കമ്പനികൾ വാങ്ങിയതും സ്വത്തുക്കൾ സ്വന്തമാക്കിയതും കൃത്യമായി ഡയറക്ടർ ബോർഡിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. എന്നാൽ, ബോർഡിലെ ചിലർ എതിർകമ്പനികളിലും നിക്ഷേപകരായിരുന്നു എന്ന ബൈജൂസിന്റെ വാദം അന്വേഷണസമിതി അംഗീകരിച്ചു. വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകളിൽ ശക്തമായ വാദമുന്നയിക്കാനും, പിന്തിരിയാനോ കമ്പനി ബൈജു രവീന്ദ്രനിൽ നിന്ന് ഏറ്റെടുക്കാനോ ഒരുങ്ങി നിൽക്കുന്ന ഡയറക്ടർ ബോർഡിലെ ഒരു സംഘത്തെ കൈകാര്യം ചെയ്യാനും നിക്ഷേപകരുടെ പിന്തുണ വീണ്ടും തേടാനും ഈ റിപ്പോർട്ട് ബൈജൂസിനെ ചെറിയ തോതിലെങ്കിലും സഹായിക്കും.
Last Updated Jun 26, 2024, 4:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]