

‘സപ്ലൈകോയുടെ അന്തകരായി മാറിയ സര്‍ക്കാര്‍’ എന്ന് ചരിത്രം കുറിക്കും; മന്ത്രിയും സര്‍ക്കാരും വില കൂടിയത് അറിഞ്ഞില്ലെന്ന്..! വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോള്‍ അരി വിതരണത്തെ കുറിച്ച് പറയുന്നു, സര്‍ക്കാറിന്റെ മുന്‍ഗണനകള്‍ മറ്റുപലതും, തുറന്നടിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി പറയുന്നത് റേഷന്‍ കടയില്‍ അരി വിതരണത്തെ കുറിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സ്ഥാപനങ്ങളെ സർക്കാർ തകര്‍ത്തു. പാവങ്ങളല്ല, മറ്റുപലതുമാണ് ഈ സര്‍ക്കാറിന്റെ മുന്‍ഗണനകള്‍. സപ്ലൈകോയുടെ അമ്പതാം വര്‍ഷത്തില്‍ ആ സ്ഥാപനത്തിന്റെ അന്തകരായി മാറിയവരാണ് ഈ സര്‍ക്കാരെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, മുട്ട, ഇറച്ചി, പലവ്യജ്ഞനങ്ങള് എന്നിവയ്ക്ക് 50 മുതല്‍ 200 ശതമാനം വരെ വിലക്കയറ്റമുണ്ടായെന്നാണ് റോജി എം. ജോണ്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എന്നാല്‍, പൊതുവിതരണ സംവിധാനത്തിലൂടെ അരി വിതരണം ചെയ്യുന്നതിനെ കുറിച്ചാണ് മന്ത്രി മറുപടി നല്‍കിയത്. മന്ത്രി നല്കിയ മറുപടിയുടെ 75 ശതമാനവും റേഷന്‍ കടകളിലൂടെ അരി വിതരണം ചെയ്യുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. അതല്ല വിഷയം. മറുപടി ഇല്ലാത്തതു കൊണ്ടാണ് പൊതുവിതരണത്തെ കുറിച്ച് മന്ത്രി പറഞ്ഞതെന്ന് വി ഡി സതീശൻ പറഞ്ഞു. ഇത്രയും രൂക്ഷമായ വിലക്കയറ്റം സംസ്ഥാനത്ത് ഉണ്ടായെന്നത് യാഥാർഥ്യമാണ്. ഇക്കാര്യത്തില്‍ എന്തു നടപടി സര്‍ക്കാര്‍ സ്വീകരിച്ചെന്നതാണ് ചോദ്യം.
വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മന്ത്രി ആദ്യം മറുപടി നല്‍കിയത്. വില കയറിയതൊന്നും നിങ്ങള്‍ അറിഞ്ഞില്ലേ? പൊതുവിപണിയില്‍ നിന്നാണ് ഞങ്ങള്‍ വിലവിവരം ശേഖരിച്ചത്. എന്നിട്ടും മന്ത്രിയും സര്‍ക്കാരും വില കൂടിയത് അറിഞ്ഞില്ലേ? ചീഫ് സെക്രട്ടറിയുടെയും കൃഷി മന്ത്രിയുടെയുമൊക്കെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിട്ട് എന്ത് നടപടിയെടുത്തു?
ഹോട്ടികോര്‍പിലെ പല പച്ചക്കറികളുടെയും വില പൊതുമാര്‍ക്കറ്റിലെ വിലയെക്കാള്‍ കൂടുതലാണ്. 50-ാം വാര്‍ഷികം ആഘോഷിക്കുന്ന സപ്ലൈകോയുടെ ചരിത്രമാണ് മന്ത്രി പറയുന്നത്. മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം സപ്ലൈകോയെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്.
13 അവശ്യ സാധനങ്ങള്‍ക്ക് സബ്സിഡി നല്കി സപ്ലൈകോ വിതരണം ചെയ്താല്‍ ഒരു പരിധി വരെ വിലക്കയറ്റം പിടിച്ചു നിര്‍ത്താം. വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്ന സപ്ലൈകോ എന്ന സംസ്ഥാനത്തിന്റെ അഭിമാനകരമായ സ്ഥാപനത്തിന്റെ ഇടപെടല്‍ നിങ്ങള്‍ ഇല്ലാതാക്കി.
സപ്ലൈകോയുടെ അമ്പതാം വര്‍ഷത്തില്‍ ആ സ്ഥാപനത്തിന്റെ അന്തകരായി മാറിയ സര്‍ക്കാര്‍ എന്നാണ് നിങ്ങള്‍ ചരിത്രത്തില്‍ അറിയപ്പെടാന്‍ പോകുന്നത്. 4000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്കാനുള്ളതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]