
ഹിറ്റ് സിനിമയായ ‘ട്രാഫിക്കി’ന്റെ ക്ലൈമാക്സ് രംഗത്തെ തനിമ ചോരാതെ പുനരാവിഷ്കരിച്ച മണ്ണാർക്കാട്ടെ ഒരുപറ്റം യുവാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ‘നിങ്ങൾ പൊളിച്ചു ബ്രദേഴ്സ്’ എന്ന തലക്കെട്ടോടെ സംവിധായകനും നടനുമായ നാദിർഷ തന്റെ ഫെയ്സ്ബുക്ക് പേജിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തത് യുവാക്കൾക്ക് ഇരട്ടി മധുരമായി.
മൂന്നുമിനുട്ട് നീളുന്ന വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. മണ്ണാർക്കാട് കുമരംപുത്തൂർ ചുങ്കംസ്വദേശി മുഹമ്മദ് ഫാസിലാണ് വീഡിയോ സംവിധാനംചെയ്തത്. ആശുപത്രിയിൽനിന്നും ഡോക്ടറും സംഘവും കൈമാറുന്ന ഹൃദയവുമായി വാഹനം പായുന്ന ദൃശ്യങ്ങൾക്കൊപ്പം പ്രേക്ഷകരുടെ മനസ്സും കുതിക്കും.
സിനിമ കണ്ടതിന്റെ അതേ അനുഭവം നൽകുന്നെന്നാണ് സാമൂഹിക മാധ്യമത്തിലെ കമന്റുകൾ. ഒന്നര ദിവസമെടുത്താണ് സുജിൻ മുണ്ടക്കണ്ണി ഐഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഫാസിൽതന്നെയാണ് എഡിറ്റിങ്ങും നടത്തിയത്. വാഹനത്തിന് പിറകെ ഓടുന്നതിനിടെ ചെരിയ പരിക്കുകളും ഫാസിലിന് പറ്റിയിരുന്നു.
ഫാസിലിനെക്കൂടാതെ രാജീവ് പള്ളിക്കുറുപ്പ്, നന്ദു, ബഷീർ, മുരളി, സുനീർ, ഷജിൽഷാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഷബീർ, ദിൽഷാദ്, സജീവ്, അഭിലാഷ്, ഗോകുൽ, ഫാസിൽ എന്നീ സുഹൃത്തുക്കളും നാട്ടുകാരും പിന്തുണനൽകി. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റ്, കുമരംപുത്തൂർ ചുങ്കം പ്രദേശം, വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി, ക്ലിനിക്ക് എന്നിവിടങ്ങളിലായാണ് വീഡിയോ ചിത്രീകരിച്ചത്.
നാദിർഷായുടെ ഫെയ്സ്ബുക്ക് പേജിലും ഫാസിലിന്റെ ഇൻസ്റ്റാഗ്രാമിലും വീഡിയോ കാണാം. കൈതി, 2018 തുടങ്ങിയ ചിത്രങ്ങളിലെ രംഗവും ഫാസിൽ മുൻപ് പുനരാവിഷ്കരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]