
തനിക്കെതിരെ ഉയർന്ന മീ ടൂ ആരോപണങ്ങളിൽ മറുപടിയുമായി നടൻ നാനാ പടേക്കർ. ആരോപണങ്ങളെല്ലാം നിഷേധിച്ച അദ്ദേഹം അതെല്ലാം നുണയാണെന്ന് പറഞ്ഞു. ലാലൻടോപ്പിനോടായിരുന്നു താരത്തിന്റെ പ്രതികരണം. 2018-ൽ നടി തനുശ്രീ ദത്തയാണ് നടൻ നാനാ പടേക്കർക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്.
2008-ൽ ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ മീ ടൂ ക്യാമ്പെയ്ന്റെ തുടക്കത്തിലുയർന്ന സംഭവംകൂടിയായിരുന്നു ഇത്. എല്ലാം നുണയാണെന്നും അതുകൊണ്ടാണ് താൻ ക്ഷുഭിതനാവാത്തതെന്നും നാനാ പടേക്കർ പറഞ്ഞു.
“എല്ലാം നുണയായതുകൊണ്ട് ഞാൻ എന്തിന് ദേഷ്യപ്പെടണം? പിന്നെ അതെല്ലാം പഴയതാണ്. അവരെക്കുറിച്ച് നമുക്ക് എന്ത് സംസാരിക്കാനാകും? സത്യം എല്ലാവർക്കും അറിയാം. ഇങ്ങനെയൊന്നും സംഭവിക്കാത്ത ആ സമയത്ത് ഞാനെന്തു പറയാനാണ്? പൊടുന്നനെ ആരോ പറയുന്നു നീ ഇത് ചെയ്തു, നീ അത് ചെയ്തു എന്ന്. ഈ കാര്യങ്ങൾക്കെല്ലാം ഞാൻ എന്ത് മറുപടി പറയണമായിരുന്നു? ഞാൻ ഇത് ചെയ്തില്ല എന്ന് പറയണമായിരുന്നോ? ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന സത്യം എനിക്കറിയാം.” നാനാ പടേക്കർ പറഞ്ഞു.
2018-ൽ നാനാ പടേക്കർ, നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ, സംവിധായകൻ വിവേക് അഗ്നിഹോത്രി എന്നിവർക്കെതിരെയാണ് തനുശ്രീ ദത്ത മീ ടൂ ആരോപണം ഉന്നയിച്ചത്. ഇതേവർഷംതന്നെ നടി പരാതി നൽകുകയും ചെയ്തിരുന്നു. ഗാനചിത്രീകരണത്തിനിടെ എല്ലാവരുടേയും മുന്നിൽവെച്ച് നാനാ പടേക്കർ മോശമായി സ്പർശിച്ചു എന്നാണ് തനുശ്രീയുടെ പരാതിയിലുണ്ടായിരുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. നാനാ പടേക്കറിന്റെ ഭാഗങ്ങൾ നേരത്തേ ചിത്രീകരിച്ചുകഴിഞ്ഞിരുന്നെങ്കിലും അദ്ദേഹം പുതിയ ഭാഗങ്ങൾ ഗാനത്തിൽ ഉൾപ്പെടുത്തിക്കൊണ്ടിരുന്നെന്നും അതെല്ലാം തന്റെ പ്രതിഷേധം വക വെയ്ക്കാതെയായിരുന്നെന്നും തനുശ്രീ പറഞ്ഞിരുന്നു.
ഇക്കാര്യത്തേക്കുറിച്ച് സംവിധായകൻ രാകേഷ് സാരംഗ്, നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, നിർമാതാവ് സമീ സിദ്ദിഖി എന്നിവരോട് പരാതിപ്പെട്ടപ്പോൾ പ്രശ്നം രമ്യമായി പരിഹരിക്കാമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ അവർ പിന്നീട് നാനാ പടേക്കർക്കൊപ്പം അടുത്തിടപഴകുന്ന നൃത്തരംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിക്കുകയായിരുന്നെന്നും അവർ പരാതിയിൽ പറഞ്ഞിരുന്നു. ഇതനുസരിച്ച് നാനാ പടേക്കർ, ഗണേഷ് ആചാര്യ, സമീ സിദ്ദിഖ്, രാകേഷ് സാരംഗ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]