

നരിക്കുനി: മൂന്ന് അലോട്മെന്റുകൾ കഴിഞ്ഞിട്ടും പ്ലസ്വൺ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾ തെരുവിലിരുന്ന് പ്രതിഷേധിച്ചു. സീറ്റ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നരിക്കുനി ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.
1500-ലധികം വിദ്യാർത്ഥികളാണ് കൊടുവള്ളി നിയോജക മണ്ഡലത്തിൽ പ്ലസ്വണിന് സീറ്റുകൾ ലഭിക്കാതെ പുറത്തുള്ളത്. ക്ലാസ് മുറികൾ ഉൾക്കൊള്ളാനാകാത്തവിധം സീറ്റുകൾ വർധിപ്പിച്ച് കബളിപ്പിക്കാതെ ബാച്ചുകളും സ്കൂളുകളും വർധിപ്പിക്കണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു.
കൂടാതെ അഡ്മിഷൻ നടപടിക്രമങ്ങളിൽ അതേ സ്കൂളിനും പഞ്ചായത്തിനും താലൂക്കിനുമെല്ലാം കൊടുക്കുന്ന അധിക പോയിന്റും ടൈബ്രേക്ക് ചെയ്യാൻ ഉപയോഗിക്കുന്ന അക്ഷരമാലാക്രമവും ജനനത്തീയതിയുമെല്ലാം ഒഴിവാക്കണമെന്നും പ്രവേശനം പൂർണമായും അക്കാദമിക മാനദണ്ഡങ്ങളിലൂടെ നടത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു.