
ഉള്ളൊഴുക്കിന്റെ കഥയുമായി സംവിധായകൻ ക്രിസ്റ്റോ സമീപിച്ചപ്പോൾ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചതെന്ന് നടി പാർവതി. വളരെ ശക്തമായ ഇമോഷണൽ ഡ്രാമയായൊരുക്കുന്ന ചിത്രം ചെയ്യാനുള്ള മാനസികാവസ്ഥ അന്നേരം തനിക്കുണ്ടായിരുന്നില്ലെന്ന് പാർവതി പറയുന്നു. ഉർവശിയും പ്രധാന കഥാപാത്രമായെത്തുന്ന ഉള്ളൊഴുക്കിന്റെ വിശേഷങ്ങളുമായി പാർവതി മാതൃഭൂമി ഡോട് കോമിനൊപ്പം
തിരിച്ചുവരവിൽ ഉള്ളൊഴുക്ക് തിരഞ്ഞെടുക്കാനുള്ള കാരണം
തിരിച്ചുവരാൻ ആയിട്ട് ഞാൻ എവിടെയും പോയിട്ടില്ലെന്നതാണ് സത്യം. ഏതാണ്ട് നാല് വർഷത്തോളമെടുത്താണ് ഉള്ളൊഴുക്കിനോട് ഞാൻ യെസ് പറയുന്നത്. ഉർവശി ചേച്ചിക്ക് വേണ്ടിയും ഏതാണ്ട് അത്ര തന്നെ വർഷങ്ങൾ ക്രിസ്റ്റോ കാത്തിരുന്നുവെന്ന് ഞാൻ പിന്നീടാണ് അറിയുന്നത്. 2018-ൽ ക്രിസ്റ്റോ വീട്ടിൽ വന്ന് കഥ പറഞ്ഞപ്പോൾ എനിക്കത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല. സാധാരണ ഈ ഡാർക്കിന്റെ ആളാണ് ഞാൻ. എപ്പോഴും കരച്ചിലും പിഴിച്ചിലുമൊക്കെയാണ് കഥാപാത്രങ്ങൾക്ക് ലഭിക്കാറുള്ളത്. പക്ഷേ ഉള്ളൊഴുക്കിന്റെ കഥ കേട്ട് ഞാൻ പേടിച്ചു പോയി. എന്നെക്കൊണ്ട് എടുത്താൽ പൊങ്ങൂല എന്ന് പറഞ്ഞ് ഒഴിവാക്കിയതാണ്.
ക്രിസ്റ്റോ വിടാതെ പിന്തുടർന്നു, ജീവിതവും ഡാർക്ക് ആയപ്പോൾ ധൈര്യം വന്നു
അന്ന് പോയ ക്രിസ്റ്റോ രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും മെസേജ് അയച്ചു പറഞ്ഞു, കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, നിർമാതാവ് ശരിയായിട്ടുണ്ട്, പാർവതി കഥ ഒന്ന് വായിക്കൂ എന്ന്. കഥ വായിച്ചു തുടങ്ങി പകുതി ആയപ്പോൾ ഞാൻ ക്രിസ്റ്റോയോട് പറഞ്ഞു എനിക്കിത് മുഴുവൻ വായിക്കാനാകുമെന്ന് തോന്നുന്നില്ല, ക്രിസ്റ്റോ എനിക്ക് കഥ പറഞ്ഞ് തന്നോളൂ എന്ന്. അത്രയും സത്യസന്ധമായ രീതിയിലാണ് ഇതിൽ ഓരോ കാര്യങ്ങളും എഴുതി വച്ചിരിക്കുന്നത്, ഒരു മറയും ഇല്ലാതെ. ആ സമയം ആയപ്പോഴേക്കും ഞാനും ജീവിതത്തിൽ കുറച്ച് ഡാർക്കിലൂടെ ഒക്കെ കടന്നു പോയി. അതോടെ സിനിമ ഏറ്റെടുക്കാനുള്ള ഊർജം വന്നു.
ഉള്ളൊഴുക്കിലെ കഥാ സന്ദർഭം ചർച്ച ചെയ്യപ്പെടുമോ
ഉള്ളൊഴുക്കിൽ ഒരു തരത്തിലും ഒന്നിനേയും ന്യായീകരിക്കുന്നില്ല. കഥാപാത്രം പറയുന്ന കാര്യങ്ങളെ മഹത്വവത്കരിക്കുന്നതും, ന്യായീകരിക്കുന്നതും രണ്ട് തരത്തിലാണ്. ഒരു കഥാപാത്രം പറയുന്ന മോശം കാര്യം ഗ്ലോറിഫൈ ചെയ്യപ്പെടുമ്പോഴും ന്യായീകരിക്കപ്പെടുമ്പോഴുമാണ് അത് തെറ്റാവുന്നത്. സ്ലോ മോഷൻ രംഗങ്ങളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമൊക്കെ അടങ്ങുന്ന ഘടകങ്ങളാണ് കഥാപാത്രം പറയുന്ന സംഭാഷണത്തെ, പ്രവർത്തിയെ ആ തലത്തിലേക്ക് എത്തിക്കുന്നത്. ഉള്ളൊഴുക്കിൽ ഒരു കഥാപാത്രത്തിന്റെ പ്രവർത്തിയും ന്യായീകരിക്കപ്പെടുന്നില്ല, മഹത്വവത്കരിക്കപ്പെടുന്നില്ല.
ഉർവശി ചേച്ചി ഗുരു, ഒറ്റയ്ക്ക് ആയിരുന്നെങ്കിൽ പണി പാളിയേനേ
കൂടെ അഭിനയിക്കുന്നത് ഉർവശി ചേച്ചിയാണെന്ന് പറഞ്ഞതോടെ കണ്ണും പൂട്ടി യെസ് പറഞ്ഞു. നല്ലൊരു സീൻ പാർട്ണർ ഉണ്ടാവുക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇവിടെ എനിക്ക് ഒരു ഗുരുവിനെയാണ് കിട്ടിയിരിക്കുന്നത്. അഞ്ജു എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അഞ്ജുവിന്റെ അമ്മായിഅമ്മ ലീലാമ്മയായാണ് ചേച്ചി എത്തുന്നത്.
43 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ഓരോ ദിവസവും നമ്മൾ വിചാരിക്കും ഇന്ന് ഇത്തിരി ഇൻ്റൻസ് ആയിട്ടുള്ള രംഗമാണ് നാളേക്ക് മാറ്റം വരുമായിരിക്കും എന്ന്. പക്ഷേ ഉള്ളൊഴുക്ക് എന്ന പേര് സൂചിപ്പിക്കുന്ന പോലെ ഓരോ രംഗം കഴിയുമ്പോഴേക്കും ഉള്ളിലേക്കങ്ങനെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ചേച്ചിയേ എന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ. ഒറ്റയ്ക്കെങ്ങാനും ഉള്ള സീൻ ആണെങ്കിൽ എന്റെ പണി പാളിയേനേ. ചേച്ചിയുടെ പിന്തുണ വളരെ വലുതായിരുന്നു. റിലാക്സ് ആകാൻ പറ്റിയത് അങ്ങനെയാണ്. സീൻ തുടങ്ങിക്കഴിഞ്ഞാൽ അഞ്ജുവിന്റെയും ലീലാമ്മയുടെയും ലോകമാണ്. വെള്ളപ്പൊക്കം കാണിക്കുന്നുണ്ട് സിനിമയിൽ. വെള്ളം കയറിയാൽ നമ്മളിങ്ങനെ ഒറ്റപ്പെട്ട് നിൽക്കില്ലേ. വല്ലാത്ത ശ്വാസം മുട്ടൽ തോന്നില്ലേ അങ്ങനെയായിരുന്നു സീൻ തുടങ്ങിയാൽ. അവിടെയാണ് നല്ല ടീമിന്റെ ആവശ്യം. എത്ര അഭിനയം ആണെന്ന് പറഞ്ഞാലും ഓരോ ദിവസവും ഇതേപോലെ കടന്നുപോകുന്നത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാകും. ഭാഗ്യവശാൽ എനിക്കൊപ്പം ഉർവശി ചേച്ചി ഉണ്ടായിരുന്നു. തമാശയൊക്കെ പറഞ്ഞ് ചേച്ചി റിലാക്സ്ഡ് ആക്കും.
ഉർവശി എന്ന യൂണിവേഴ്സിറ്റി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശാരീരികവും മാനസികവുമായി അത്രയേറെ ബുദ്ധിമുട്ടുകൾ സിനിമയ്ക്ക് പിന്നിൽ ഉണ്ടായിരുന്നു. അതിനിടെ തമാശ പോലും പറഞ്ഞില്ലായിരുന്നെങ്കിൽ വല്ലാത്ത അവസ്ഥയിലേക്ക് ഞങ്ങളെല്ലാവരും പോകുമായിരുന്നു. ഒരു സീൻ എടുക്കുന്ന സമയത്ത് അതിൽ തന്നെ കടിച്ചു തൂങ്ങി ദിവസം മുഴുവൻ നിൽക്കുന്ന ഒരു സ്വഭാവം എനിക്ക് ഉണ്ടായിരുന്നു. അതായിരുന്നു ഞാൻ പഠിച്ചു വന്നിരുന്നത്. ഉയരെയിലോ ടേക്ക് ഓഫിലോ എനിക്കങ്ങനെ സീൻ പാർട്ണർ ഉണ്ടായിരുന്നില്ല. പല സിറ്റുവേഷനിലും കഥാപാത്രം ഒറ്റയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവന്നുകഴിഞ്ഞാൽ ടച്ചു വിട്ടു പോകുമോ എന്നൊരു പേടി എനിക്ക് ഉണ്ടായിരുന്നു. ചേച്ചിയെ കണ്ട ആദ്യദിവസം തന്നെ ഞാൻ ആ സ്വഭാവം മാറ്റിവെച്ചു. ചേച്ചിയിൽ നിന്ന് ഞാൻ പഠിച്ച വലിയ പാഠമുണ്ട്, നമ്മൾ എത്രത്തോളം റിലാക്സ്ഡ് ആകുന്നുവോ അത്രയും നന്നായി നമുക്ക് അഭിനയിക്കാൻ പറ്റും. എനിക്കൊരു യൂണിവേഴ്സിറ്റി പോലെയായിരുന്നു ഉർവശി ചേച്ചിയുമൊത്തുള്ള അനുഭവം.