
സെന്റ് ലൂസിയ: അവസാന രണ്ട് തവണ ഇന്ത്യ ലോക കിരീടം നേടിയ സമയത്തെല്ലാം സെമിയിലോ ക്വാര്‍ട്ടറിലോ ഓസ്ട്രേലിയയെ തോല്‍പ്പിച്ചുവെന്നത് രസകരമായ ഒരു ചരിത്രം. 1983ല്‍ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ ഓസീസിനെ തോപ്പിച്ചിരുന്നു. ഇത്തവണ ക്വാര്‍ട്ടര്‍ സ്വഭാവമുള്ള സൂപ്പര്‍ 8 മത്സരത്തില്‍ ഓസീസിനെ തോല്പിച്ചാല് ചരിത്രത്തിന്റെ ബലത്തില്‍ കിരീടം പ്രതീക്ഷിക്കാം ഇന്ത്യക്ക്.
ക്രിക്കറ്റിലെ തഴക്കം വന്ന ഓസീസിനെതിരെ ഇന്ത്യയുടെ യുവത്വം. ഇതായിരുന്നു പ്രഥമ ടി20 ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നേടിയത് 5 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ്. 30 പന്തില്‍ 70 റണ്‍സെടുത്ത യുവരാജായിരുന്നു ഇന്ത്യയ്ക്കായി തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ ശ്രദ്ധാപൂര്‍വം മുന്നേറിയ ഓസീസിനെ വീഴ്ത്തിയത് മലയാളി താരം ശ്രീശാന്ത്. ഹെയ്ഡനേയും ഗില്‍ക്രിസ്റ്റിനേയും വീഴ്ത്തിയും ശ്രീശാന്തിന്റെ സെലിബ്രേഷന് ഇന്നും ആരാധക ഹൃദയങ്ങളിലുണ്ട്.
15 റണ്‍സിന് ഓസീസിനെ വീഴ്ത്തിയ ഇന്ത്യ ഫൈനലില്‍ പാക്കിസ്ഥാനെ തോല്പിച്ച് കപ്പടിച്ചു. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നേടിയത് 6 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ വിറച്ചെങ്കിലും യുവരാജ് ഇന്ത്യയെ ജയത്തിലെത്തിച്ചു. രണ്ട് വിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയ യുവി കളിയിലെ താരവുമായി. പിന്നീട് സെമിയില്‍ പാക്കിസ്ഥാനേയും ഫൈനലില്‍ ശ്രീലങ്കയേയും തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടി.
ഇന്ത്യ ആദ്യമായി ലോകചാംപ്യന്മാരായ 1983ലെ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തവണയാണ് ഓസ്ട്രേലിയയെ നേരിട്ടത്. ആദ്യ മത്സരത്തിൽ ഓസീസ് മുന്നിലെത്തിയപ്പോൾ രണ്ടാമങ്കത്തിൽ 118 റൺസ് ജയത്തോടെ ഇന്ത്യ കണക്കുതീർത്തു. ഈ ജയത്തോടെ ഗ്രൂപ്പ് കടമ്പ കടന്ന ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനേയും ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെയും തോല്പിച്ച് കിരീടം നേടി. വീണ്ടുമൊരു നോക്കൗട്ട് പോരില്‍ ഓസീസിനെ തോല്പിച്ച് മുന്നേറി കിരീടം നേടുമോ ടീം ഇന്ത്യയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍
Last Updated Jun 24, 2024, 11:42 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]