

First Published Jun 23, 2024, 11:23 AM IST
കൊച്ചി: തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് സിനിമകള്‍ വാങ്ങുവാന്‍ ആരെയും ഇടനിലക്കാരായി നിയമിച്ചിട്ടില്ലെന്ന് ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ. മലയാളത്തിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേര്‍സ് അസോസിയേഷനെയാണ് ജിയോ സിനിമ ഇത് അറിയിച്ചത്.
അടുത്തിടെ ഒടിടി അവകാശം വിൽക്കാമെന്ന് അവകാശപ്പെട്ട് നിർമാതാക്കളുടെ പക്കൽനിന്ന് ഒരു സംഘം ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടപ്പോഴാണ് ജിയോ സിനിമ തങ്ങളുടെ ഭാഗം വ്യക്തമാക്തിയത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്.
ഒടിടി-സാറ്റലൈറ്റ് അവകാശം വാങ്ങുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളവരുടെ വിശദാംശങ്ങൾ രാജ്യത്തെ മറ്റ് പ്രധാന ഒടിടി. പ്ലാറ്റ്ഫോമുകളോടും ചാനലുകളോടും ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രൊഡ്യൂസേര്‍സ് അസോസിയേഷന് സെക്രട്ടറി ബി. രാകേഷ് വ്യക്തമാക്കി.
ജിയോ സിനിമ നേരിട്ട് ഇതുവരെ ഒരു മലയാളം സിനിമയുടെപോലും ഒ.ടി.ടി അവകാശം വാങ്ങിയിട്ടില്ല. മറ്റൊരു പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്സ്റ്റാറുമായി കൈകോർക്കാനുള്ള കരാറില്‍ ആയതിനാല്‍ ഇവര്‍ സിനിമകള്‍ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
മലയാള സിനിമ രംഗത്ത് ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുന്നറിയിപ്പ് നേരത്തെ മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കിയിരുന്നു.
നിലവില്‍ ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങള്‍ വാങ്ങുന്ന കമ്പനികളുടെ പേരിലും, ഇത്തരത്തില്‍ രംഗത്ത് വരാനിരിക്കുന്ന കമ്പനികളുടെയും പേരിലാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോടികള്‍ മുടക്കി ചലച്ചിത്രം എടുത്തിട്ടും സാറ്റ്ലൈറ്റ്, ഒടിടി അവകാശങ്ങള്‍ വിറ്റുപോകാത്ത നിര്‍മ്മാതാക്കളെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്.
അതേ സമയം ഒരു സിനിമ തീയറ്ററില്‍ ഇറക്കിയാലും. അതിന്റെ തീയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം അതിന് ഒരു ലൈഫ് നല്കുന്ന റിലീസായിരുന്നു ഒടിടി റിലീസുകള്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും ഒടിടി റിലീസ് വലിയ ആശ്വാസമായിരുന്നു. ഒരു വലിയ വരുമാനം ആ വഴിയും വരുന്നു. ചിലപ്പോള്‍ തീയറ്ററില്‍ വലിയ ലാഭം ഉണ്ടാകാതിരുന്ന ചിത്രങ്ങള്‍ക്ക് ഒടിടി വില്‍പ്പന വലിയ ലാഭം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒടിടിയുടെ ഈ നല്ലകാലം മലയാളത്തില്‍ കഴിഞ്ഞുവെന്നാണ് അടുത്തിടെ പല ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെട്ടത്. ഇത് സംബന്ധിച്ച് വിവിധ മീഡിയ റിപ്പോര്‍ട്ടുകളും വന്നിരുന്നു.
വന്‍ ഹിറ്റായ മലയാള ചിത്രങ്ങള്‍ പോലും വലിയ വിലപേശലിന് ശേഷമാണ് അടുത്തിടെ ഒടിടിയില്‍ വിറ്റുപോയത് എന്ന് വാര്‍ത്തയുണ്ടായിരുന്നു. വലിയ താരങ്ങള്‍ ഉണ്ടായിട്ടും പല വന്‍ ചിത്രങ്ങളും ഇതുവരെ ഒടിടിയില്‍ വന്നിട്ടും ഇല്ല. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഇത് മുതലെടുക്കാന്‍ മലയാള സിനിമ രംഗത്ത് ചില തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നത്.
Last Updated Jun 23, 2024, 11:23 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]