
വിജയ് നായകനാകുന്ന ‘ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം നടന് വിജയ്യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കബിലന് വൈരമുത്തുവിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് യുവന് ശങ്കര്‍ രാജയാണ്. തെന്നിന്ത്യന്‍ പിന്നണി ഗായികയായ ഭവതാരിണി കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ജനുവരി അഞ്ചിനാണ് മരിച്ചത്. ഗായികയ്ക്ക് ആദരസൂചകമായാണ് പാട്ടെത്തുന്നത്. ഗായികയുടെ ശബ്ദം എഐ സാങ്കേതിക മികവ് ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്. വിജയുടെ 50-ാം പിറന്നാൾ ദിനത്തിലാണ് ഗാനം എത്തിയിരിക്കുന്നത്.
സെപ്തംബര്‍ 5 നാണ് ഗോട്ട് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവന് ശങ്കര്‍രാജയാണ് സംഗീതം. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനം പുറത്തുവിട്ടതിനൊപ്പം ഹൃദയഭേദകമായ കുറിപ്പും യുവൻ ശങ്കർരാജ പങ്കുവെച്ചിരുന്നു. ‘ഗോട്ടിലെ രണ്ടാമത്തെ ഗാനം എനിക്ക് വളരെയധികം സ്പെഷ്യലാണ്. എന്റെ വികാരം വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല. ഈ ഗാനം കംപോസ് ചെയ്യുമ്പോൾ ഇത് എന്റെ സഹോദരിക്ക് വേണ്ടിയാണെന്ന് മനസ്സിൽ തോന്നി. ഭവതരിണി സുഖം പ്രാപിക്കുമ്പോൾ അവളെ കൊണ്ട് റെക്കോഡ് ചെയ്യിക്കാമെന്ന് കരുതി. പക്ഷേ ഒരുമണിക്കൂറിന് ശേഷം അവൾ ഈ ലോകത്ത് ഇല്ലെന്ന വാർത്തയാണ് കേട്ടത്. അവളുടെ ശബ്ദം ഇങ്ങനെ ഉപയോഗിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല’, യുവൻ കുറിച്ചു. ഗാനം സാധ്യമാക്കിയ സഹപ്രവർത്തകർക്ക് താരം നന്ദിയും അറിയിച്ചു.
അതേസമയം, രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയില്‍ നിന്ന് വിടവാങ്ങുന്നുവെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. താരം രാഷ്ടീയത്തിലേക്ക് വരുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന പ്രഖ്യാപനം കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളാണ്.
‘ഗോട്ടി’ന് ശേഷം ഒരു സിനിമ കൂടി ചെയ്താണ് വിജയ് അഭിനയം അവസാനിപ്പിക്കുന്നത്. വിജയിന്റെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകന്. തെലുങ്കു സിനിമയിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും നിര്‍മാതാക്കള്‍. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടിയോളമാണ് വിജയിന് നല്‍കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് എന്ന റെക്കോഡ് വിജയിന് സ്വന്തമാകും. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്. അവസാന ചിത്രത്തിലൂടെ വിജയ് അത് മറികടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]