
കുട്ടികളുടെ പഠനത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. മക്കൾക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടവുകയെന്നത് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് പരീക്ഷയ്ക്കd മാർക്ക് കുറയുക എന്നത് മാതാപിതാക്കളിൽ വലിയ ആശങ്ക ഉണ്ടാകാൻ കാരണമാകുന്നു. കുട്ടികളുടെ പഠനത്തെക്കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്ന രക്ഷിതാക്കൾക്കായി ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ് പ്രിയ വർഗീസ് എഴുതുന്ന ലേഖനം.
എഴുതാനും, വായിക്കാനും, അക്ഷരത്തെറ്റു കൂടാതെ എഴുതാൻ കഴിയുന്നില്ല, കണക്കു ചെയ്തുതീർക്കാൻ കഴിയുന്നില്ല എന്നീ പ്രശ്നങ്ങൾക്കൊപ്പം ശ്രദ്ധക്കുറവും ഹൈപ്പർ ആക്ടിവിറ്റിയും ഒക്കെ കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന കാരണങ്ങളാണ്. കുട്ടി മനഃപൂർവ്വം പഠിക്കാത്തതാണ് എന്ന തെറ്റിദ്ധാരണയിൽ മാതാപിതാക്കൾ പലരും ആദ്യമെല്ലാം കുട്ടിയെ കുറ്റപ്പെടുത്തുന്ന അവസ്ഥ ഉണ്ടായേക്കാം.
സ്കൂളിൽ നിന്നും നിർദ്ദേശിച്ച പ്രകാരമോ, സ്വന്തം തീരുമാനത്താലോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ സമീപിച്ചു പഠന വൈകല്യ പരിശോധന നടത്തുമ്പോഴായിരിക്കും കുട്ടിയുടെ ബുദ്ധിമുട്ടുകളെപ്പറ്റി യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുക.
കുട്ടിയുടെ സ്കൂളിലെ മാർക്ക്ലിസ്റ്റിലും സർട്ടിഫിക്കറ്റിലും ഒക്കെ പഠനവൈകല്യം ഉണ്ട് എന്ന് ഉണ്ടാകുമോ എന്ന ഭയം പല മാതാപിതാക്കൾക്കും ഉണ്ട്. അതിനാൽ കുട്ടിക്ക് പഠനവൈകല്യമുള്ള കുട്ടികൾക്ക് കിട്ടുന്ന പരീക്ഷയിലെ പ്രത്യേക സഹായങ്ങൾ വേണ്ട എന്ന് വെക്കുന്ന മാതാപിതാക്കൾ ഉണ്ട്. എന്നാൽ ഇങ്ങനെ മാർക്ക്ലിസ്റ്റിൽ ഇത് എഴുതും എന്നത് തെറ്റിദ്ധാരണയാണ്. മറ്റേതൊരു കുട്ടിയെപോലെ പഠനവൈകല്യം ഉള്ള കുട്ടിയെ കണ്ടുകൊണ്ട് ആവശ്യമായ പിന്തുണ നൽകണമെന്നാണ് നിയമം. അതുകൊണ്ട് സ്കൂളിൽ അവനെ പരീക്ഷയിൽ തോല്പിക്കാനോ മറ്റുള്ളവർ കുട്ടിയെ ഒറ്റപ്പെടുത്താനോ ആവില്ല.
ഉദാ: സ്ക്രൈബ് അഥവാ കുട്ടി പഠിച്ച കാര്യങ്ങൾ ചെറിയ ക്ലാസ്സിലെ ഒരു കുട്ടി അവനുവേണ്ടി പരീക്ഷ പേപ്പറിൽ എഴുതുന്ന രീതി. ഇത് നിയമപ്രകാരം പഠനവൈകല്യവും എഴുത്തിൽ ബുദ്ധിമുട്ടു നേരിടുകയും ചെയ്യുന്ന കുട്ടിക്ക് ലഭിക്കേണ്ടതാണ്. ഇതിനായി കുട്ടിക്ക് പഠന വൈകല്യം ഉണ്ട് എന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് സ്കൂളിൽ നൽകേണ്ടതായുണ്ട്. ഇങ്ങനെ നിയമപ്രകാരം ലഭ്യമായ കാര്യങ്ങൾ കുട്ടിക്ക് ഉറപ്പാക്കേണ്ടത് അവൻ പരീക്ഷയിൽ നല്ല വിജയം നേടാനും മുന്നോട്ടുള്ള പഠനം സാധ്യമാക്കാനും ആവശ്യമാണ്. പഠനവൈകല്യം ഉള്ള കുട്ടികൾക്ക് ബുദ്ധി സാധാരണയോ അതിൽ അധികമോ ഉണ്ട് എന്നതും കാര്യങ്ങൾ മനസ്സിലാക്കാൻ അവർ പ്രാപ്തരാണ് എന്നതും നാം മനസ്സിലാക്കണം.
ചിലപ്പോൾ വായിക്കാൻ കുട്ടിക്ക് കഴിവില്ല എങ്കിലും അദ്ധ്യാപകർ പഠിപ്പിക്കുന്നത് കേട്ടു പഠിക്കാൻ കുട്ടിക്ക് കഴിവുണ്ടായിരിക്കും. പഠന വൈകല്യത്തെക്കുറിച്ച് മുൻപ് കാലത്തേ അപേക്ഷിച്ചു സ്കൂളുകളിലും പൊതുസമൂഹത്തിലും വലിയ അവബോധം ഇപ്പോൾ ഉണ്ട്. അതിനാൽ കുട്ടിയെ കുറ്റപ്പെടുത്തുന്ന രീതി അവസാനിപ്പിച്ച് കുട്ടിയുടെ അവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കാം.
(ലേഖിക തിരുവല്ലയില് ക്ലിനിക്കല് സൈക്കോളജിസ്റ്റാണ്. ഫോണ്: 8281933323)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]