
ഒരു ഓഫീസ് മുറി, കുറെ ജീവിതങ്ങൾ, ത്രില്ലടിപ്പിക്കുന്ന കുറച്ചുനിമിഷങ്ങൾ. രഞ്ജിത്ത് സജീവിനെ നായകനാക്കി നവാഗതനായ സംജാദ് ഒരുക്കിയ ഗോളം എന്ന മിസ്റ്ററി ത്രില്ലർ പ്രേക്ഷകർക്ക് പുത്തൻ അനുഭവം സമ്മാനിച്ചുകൊണ്ട് പ്രദർശനം തുടരുകയാണ്. നഗരത്തിലെ ഒരു ഐ.ടി. സ്ഥാപനത്തിലെ മേധാവിയുടെ മരണവും ചുരുങ്ങിയ സമയംകൊണ്ട് നടക്കുന്ന അന്വേഷണത്തിലുമൂന്നിയാണ് ചിത്രം സഞ്ചരിക്കുന്നത്. ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവാണ് ‘ഗോള’ത്തിൽ എ.എസ്.പി. സന്ദീപ് കൃഷ്ണയെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ ദിലീഷ് പോത്തൻ, സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ഇവർക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിനുവേണ്ടി ആനും സജീവുമാണ് ഗോളം നിർമിച്ചിരിക്കുന്നത്.
‘‘ഗോളത്തിന്റെ കഥ കേട്ടപ്പോൾത്തന്നെ പുതുമയുള്ള പ്രമേയമാണെന്നുതോന്നി. മലയാളത്തിൽ ഇതുവരെ ഇങ്ങനെയൊന്ന് വന്നിട്ടില്ല. ഈ ചിത്രത്തിന്റെ ഭാഗമാകണമെന്ന വാശിയുണ്ടായിരുന്നു. സാധാരണ കാണുന്ന തരത്തിലുള്ളൊരു ത്രില്ലർ ആയിരിക്കില്ല ഇതെന്നും പ്രേക്ഷകർക്ക് ചിത്രം പുത്തനൊരനുഭവം സമ്മാനിക്കുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. കൂടാതെ ഞാനിതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. പക്വതയുള്ള ഈ പോലീസ് ഓഫീസറുടെ വേഷം ഞാനൊരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു. ഫിറ്റായ ഒരു അത്ലറ്റിക് ബോഡിയുള്ള കഥാപാത്രമാണിതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. കഥാപാത്രത്തിനുവേണ്ടിയുള്ള മുന്നൊരുക്കത്തിനായി നാലുമാസം ലഭിച്ചു. ആ സമയംകൊണ്ട് ഞാൻ എന്റെ ശരീരം മാറ്റിയെടുത്തു. മലയാളി പ്രേക്ഷകർ പ്രമേയത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. ഒരു പരീക്ഷണചിത്രം വന്നാൽ അവർ അത് സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം. പക്ഷേ അവർ ആ ചിത്രം കാണും. ഈ ചിത്രത്തിന്റെ പ്രമേയത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു’’ -രഞ്ജിത്ത് സജീവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]