
തൊടുപുഴ: പാലാ – തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12.15 ഓടെ എംസി റോഡിൽ രാമപുരം കുറിഞ്ഞി ഭാഗത്ത് കല്ലട വളവിലായിരുന്നു അപകടം. ബെംഗളൂരു – തിരുവല്ല – ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിനുള്ളിൽ 21 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകട സമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമായി റോഡരികിലെ കൽക്കെട്ടിന് സമീപത്തായി മറിയുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായിരുന്നതിനാൽ, ഇതുവഴിയെത്തിയ യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് രാമപുരം പൊലീസ് എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് കരിങ്കുന്നം പൊലീസും തൊടുപുഴയി നിന്ന് അഗ്നിശമന സേനാംഗങ്ങളുമെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി.
ബസിന്റെ ആറു ചക്രങ്ങളിൽ രണ്ടെണ്ണത്തിന് തേയ്മാനം സംഭവിച്ചിരുന്നു. കനത്ത മഴയ്ക്കും വളവിനുമൊപ്പം ഇതും അപകട കാരണമായിട്ടുണ്ടാവാമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മാണി സി കാപ്പൻ എംഎൽഎ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 50 അടിയിലേറെ താഴ്ചയുള്ള കൂറ്റൻ കൽക്കെട്ടിന് സമീപത്തായാണ് ബസ് മറിഞ്ഞത്. നേരിയ വ്യത്യാസത്തിൽ വൻ ദുരന്തമാണ് വഴിമാറിയത്.
Last Updated Jun 22, 2024, 2:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]