
ബെംഗളൂരു: നടൻ ദർശനും നടി പവിത്രാ ഗൗഡയും പ്രതികളായ രേണുകാസ്വാമി കൊലക്കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. കേസുമായി ബന്ധപ്പെട്ട് മറ്റൊരു നടന്റെ പേരാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. കന്നഡയിലെ പ്രശസ്ത ഹാസ്യതാരം ചിക്കണ്ണയെ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. ചിക്കണ്ണ കേസിൽ സാക്ഷിയായേക്കുമെന്നും വിവരമുണ്ട്.
തിങ്കളാഴ്ച ചിക്കണ്ണയെ പോലീസ് ഒരു മണിക്കൂർ ചോദ്യം ചെയ്തെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഈ മാസം ജൂൺ എട്ടിന് രേണുകാസ്വാമിയെ ദർശന്റെ ആരാധകർ പിടിച്ചുകൊണ്ടുവരുമ്പോൾ സൂപ്പർതാരത്തിനൊപ്പം ചിക്കണ്ണയും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
രേണുകാസ്വാമിയെ മർദിക്കാനായി ഷെഡ്ഡിലേക്ക് കൊണ്ടുപോകുമ്പോൾ ദർശനും ചിക്കണ്ണയും നഗരത്തിലെ പബ്ബിൽ ആഘോഷത്തിലായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഇവിടെ നിന്നും രേണുകാസ്വാമിയെ മർദിച്ച് അവശനാക്കിയിട്ടിരുന്ന ഷെഡ്ഡിലേക്കാണ് ദർശൻ പോയത്. ഇവിടെ നിന്ന് ദർശൻ തിരികെ പബ്ബിലേക്കുതന്നെ പോയി. കേസന്വേഷണത്തിന്റെ ഭാഗമായി ദർശനേയും ചിക്കണ്ണയേയും ഈ പബ്ബിലേക്കെത്തിച്ച് അന്നത്തെ സംഭവങ്ങൾ പുനരാവിഷ്കരിക്കാൻ പോലീസ് തീരുമാനിച്ചതായും അവർ റിപ്പോർട്ട് ചെയ്തു.
19 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. നടിയും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡ ദർശനുമായി പത്തുവർഷമായി ബന്ധം പുലർത്തിവരുന്നതായി പോലീസ് പറഞ്ഞു. ഇവർക്ക് ഭർത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് ‘ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം’ എന്നപേരിൽ ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റുചെയ്തിരുന്നു. ഇതിനെ വിമർശിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുളള ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തു.
ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദർശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമത്തിൽ നിറഞ്ഞു. തുടർന്ന് ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ മോശം കമന്റിട്ടു. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ നിരന്തരം വരാൻതുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താൻ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]