
തൃശ്ശൂര്‍: നിയമനത്തട്ടിപ്പ് കേസിൽ കയ്പമംഗലത്ത് സ്കൂൾ മാനേജർ അറസ്റ്റിൽ. കൂരിക്കുഴി എ.എം.യു.പി. സ്കൂൾ മാനേജർ വലപ്പാട് കോതകുളം സ്വദേശി പ്രവീൺ വാഴൂർ (49) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ സ്കൂളിലെ അധ്യാപകരായ ഏഴ് പേർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപ വരെ മാനേജർ ടീച്ചർമാരിൽ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.
പണം വാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവർക്ക് ശമ്പളം നൽകുകയോ ചെയ്തില്ല. ഇത് രണ്ടും ലഭിക്കാതെ വന്നതോടെയാണ് അധ്യാപകര്‍ പൊലീസിൽ പരാതി നൽകിയത്. 2012 മുതൽ ഇയാൾ പലരിൽ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നാല് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി 406, 420, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം സിഐ എം.ഷാജഹാൻ, എസ്.ഐ.മാരായ എൻ.പ്രദീപ്, സജിപാൽ, സിയാദ്, ഷെറീഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Last Updated Jun 21, 2024, 4:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]