
അഹമ്മദാബാദ്: ബോളിവുഡ് താരം ആമിർ ഖാൻ്റെ മകൻ ജുനൈദ് ഖാന്റെ ആദ്യ ചിത്രമായ “മഹാരാജ്” റിലീസ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ ഇടക്കാല സ്റ്റേ ഗുജറാത്ത് ഹൈക്കോടതി നീക്കി. സിനിമ ഒരു സമുദായത്തിൻ്റെയും വികാരം വ്രണപ്പെടുത്തുന്നില്ലെന്ന് സ്റ്റേ നീക്കി കോടതി നിരീക്ഷിച്ചു.
കൃഷ്ണഭക്തരായ പുഷ്ടിമാർഗ് വിഭാഗത്തിലെ വല്ലഭാചാര്യരുടെ അനുയായികള്‍ സമർപ്പിച്ച ഹർജിയിലാണ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നത്.പുഷ്ടിമാർഗ് വിഭാഗത്തിലെ ആചാര്യനായിരുന്ന ജദുനാഥ്ജി ബ്രിജ്രതൻജി മഹാരാജും സാമൂഹിക പരിഷ്കർത്താവുമായ കർസന്ദാസ് മുൽജി ഉൾപ്പെട്ട 1862 ലെ അപകീർത്തി കേസിനെ അടിസ്ഥാനമാക്കിയുള്ളതാണ് മഹാരാജ് എന്ന ചിത്രം.
1862 ലെ അപകീർത്തി കേസ് തീർപ്പാക്കിയ ബ്രിട്ടീഷ് കാലത്തെ കോടതി ഹിന്ദു മതത്തെ അപകീർത്തിപ്പെടുത്തുകയും ഭഗവാൻ കൃഷ്ണനെതിരെയും ചില ഭക്തിഗാനങ്ങളും സ്തുതിഗീതങ്ങളും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ഹർജിക്കാർ അവകാശപ്പെട്ടു. ആ സംഭവം സിനിമയാക്കുന്നതിലൂടെ വീണ്ടും സമുദായത്തിന് അപമാനം ഉണ്ടാകും എന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്.
എന്നാല്‍ ഫിലിം സർട്ടിഫിക്കേഷൻ ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ (സിബിഎഫ്സി) സാക്ഷ്യപത്രം സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അത് ഈ വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
നേരത്തെ ഇടക്കാല സ്റ്റേ വന്നതോടെ ജൂണ്‍ 13ന് നെറ്റ്ഫ്ലിക്സില്‍ നിശ്ചയിച്ചിരുന്ന മഹാരാജ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. പ്രതിസന്ധികള്‍ മാറിയ സ്ഥിതിക്ക് ഉടന്‍ തന്നെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചേക്കും.
അതേ സമയം ഹര്‍ജിക്കാര്‍ സിനിമയുടെ റിലീസ് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാർ നേരത്തെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചിരുന്നു. മന്ത്രാലയത്തിൻ്റെ ഭാഗത്തുനിന്ന് പ്രതികരണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
Last Updated Jun 21, 2024, 9:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]