
ദില്ലി: മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്രിവാളിൻ്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ദില്ലി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ഇന്ന് കേസിൽ കോടതി വാദം കേട്ടിരുന്നു. ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളി. നിയമപരമായ വഴികൾ കൂടി പരിശോധിക്കാൻ സമയം നൽകണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയിൽ കെജ്രിവാളിന്റെ ഹോട്ടൽ ബില്ല് അടച്ചതെന്നും, ഇയാൾ വ്യവസായികളിൽ നിന്നും വൻ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയിൽ ആരോപിച്ചിരുന്നു. മലയളിയായ പ്രതി വിജയ് നായരാണ് കെജ്രിവാളിന്റെ നിർദേശപ്രകാരം അഴിമതി പണം കൈകാര്യം ചെയ്തത്, ആംആദ്മി പാർട്ടിയാണ് തെറ്റ് ചെയ്തതെങ്കിൽ ആ പാർട്ടിയുടെ തലവനും കുറ്റക്കാരനാണെന്നും ഇഡി കോടതിയിൽ വാദിച്ചു.
ഇഡി ഊഹാപോഹങ്ങൾ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. വിജയ് നായർക്ക് നിർദേശങ്ങൾ നൽകിയതിന് തെളിവില്ല. ജാമ്യം നിബന്ധനകൾക്ക് വിധേയമായ തടവ് തന്നെയാണെന്നും, മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ജാമ്യം നൽകണമെന്നും കെജരിവാളിന്റെ അഭിഭാഷകൻ ഇന്ന് വാദിച്ചിരുന്നു.
Last Updated Jun 20, 2024, 8:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]