
2024-ൽ ഇന്ത്യൻ സിനിമയിൽ ഏറ്റവുംകൂടുതൽ പ്രതിഫലം വാങ്ങിയ നടി ദീപികാ പദുക്കോൺ എന്ന് റിപ്പോർട്ട്. ഐഎംഡിബിയുടെ സഹായത്തോടെ ഫോർബ്സ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ആലിയാ ഭട്ട്, കങ്കണ റണൗട്ട്, പ്രിയങ്കാ ചോപ്ര, ഐശ്വര്യാ റായ് എന്നിവരെ പിന്തള്ളിയാണ് ദീപിക ഈ നേട്ടം കൈവരിച്ചത്. പട്ടികയിൽ ദക്ഷിണേന്ത്യയിൽനിന്നുള്ള നടിമാർ ആരുംതന്നെയില്ല.
ഒരു സിനിമയ്ക്ക് 15 മുതൽ 30 കോടി രൂപവരെയാണ് ദീപികയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. കങ്കണയാണ് പട്ടികയിൽ രണ്ടാമത്. 15 മുതൽ 27 കോടിവരെയാണ് എംപി കൂടിയായ താരത്തിന്റെ ഫീസ്. 15 മുതൽ 25 കോടി വരെയാണ് മൂന്നാം സ്ഥാനത്തുള്ള പ്രിയങ്കാ ചോപ്ര വാങ്ങിയ പ്രതിഫലം. പട്ടികയിൽ നാലും അഞ്ചും സ്ഥാനത്തുള്ളത് യഥാക്രമം കത്രീന കൈഫും ആലിയാ ഭട്ടുമാണ്. കത്രീന കൈഫ് ഒരു സിനിമയ്ക്ക് 25 കോടി പ്രതിഫലമായി വാങ്ങുമ്പോൾ ആലിയയുടേത് 20 കോടിയാണ്.
18 കോടി വാങ്ങുന്ന കരീന കപുർ, 15 കോടി വാങ്ങുന്ന ശ്രദ്ധ കപുർ, 14 കോടി പ്രതിഫലം പറ്റുന്ന വിദ്യാ ബാലൻ എന്നിവരാണ് ഇവർക്ക് പിന്നിലുള്ളത്. ഈ ലിസ്റ്റിലെ അവസാന രണ്ട് സ്ഥാനക്കാർ 12 കോടി പ്രതിഫലമുള്ള അനുഷ്ക ശർമയും ഒരു സിനിമയ്ക്ക് 10 കോടി വാങ്ങുന്ന ഐശ്വര്യാ റായിയുമാണെന്നും റിപ്പോർട്ട് പറയുന്നു.
ദീപികയ്ക്കും ആലിയയ്ക്കും വലിയ പ്രോജക്റ്റുകളാണ് കയ്യിലുള്ളത്. നാഗ് അശ്വിൻ സംവിധാനംചെയ്ത് പ്രഭാസ് നായകനാവുന്ന കൽക്കി 2898 എ.ഡി എന്ന ചിത്രമാണ് അതിലൊന്ന്. ചിത്രം ഈ മാസം റിലീസ് ചെയ്യും. ഇതിനുപിന്നാലെ രോഹിത് ഷെട്ടിയുടെ സിങ്കം സീരീസിലെ പുതിയചിത്രം, ഒരു ഹോളിവുഡ് ചിത്രം എന്നിവ താരത്തിന്റേതായി വരാനിരിക്കുന്നു. ജിഗ്ര, രൺബീർ കപൂറും വിക്കി കൗശലും ഒന്നിക്കുന്ന ലവ് ആൻഡ് വാർ, സഞ്ജയ് ലീല ഭൻസാലി ചിത്രം എന്നിവയാണ് ആലിയയുടേതായി വരാനിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]