
24 വർഷത്തിനു ശേഷം ഉത്തരകൊറിയ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സൈന്യത്തിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പുടിനെ സ്വീകരിച്ചത്. വ്ളാഡിമിർ പുടിൻ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കിനുമൊപ്പമാണ് പുടിൻ ഉത്തരകൊറിയ സന്ദർശനത്തിനെത്തിയത്.
സുരക്ഷാ പ്രശ്നങ്ങൾ ഉൾപ്പെടുന്ന പങ്കാളിത്ത കരാറിൽ റഷ്യയും ഉത്തര കൊറിയയും ഒപ്പു വച്ചേക്കുമെന്ന് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് അറിയിച്ചു. യുക്രെയ്നിലെ സൈനിക നടപടികൾക്ക് ഉത്തര കൊറിയ നൽകിയ പിന്തുണക്ക് റഷ്യൻ പ്രസിഡന്റ് നന്ദി അറിയിച്ചു. അമേരിക്കൻ ഉപരോധം നേരിടാൻ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും പുടിൻ വ്യക്തമാക്കി. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയും പുടിന്റെ സന്ദർശനത്തെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ കൈമാറ്റത്തെ യുഎസും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. എന്നാൽ ആയുധകൈമാറ്റം നടന്നിട്ടില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയത്. 2023 സെപ്റ്റംബറിൽ കിം റഷ്യയിൽ സന്ദർശനം നടത്തിയിരുന്നു. റഷ്യയുടെ ഫാർ ഈസ്റ്റ് സന്ദർശനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുടിനെ ക്ഷണിച്ചിരുന്നു. 2000 ജൂലൈയിലാണ് പുടിൻ അവസാനമായി പ്യോങ്യാങ് സന്ദർശിച്ചത്. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം വിരളമായാണ് പുട്ടിൻ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത്.
Story Highlights : Russian President Vladimir Putin in North Korea after 24 years
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]