
ഫ്ലോറിഡ: സൂപ്പര്‍ 8 പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും അയര്‍ലന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പാകിസ്ഥാന്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് അയര്‍ലന്‍ഡിനെ 106 റണ്‍സിൽ എറിഞ്ഞതൊക്കി. 31 റണ്‍സെടുത്ത ഗാരെത് ഡെലാനിയും 18 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന ജോഷ്വ ലിറ്റിലും 15 റണ്‍സെടുത്ത മാര്‍ക്ക് അഡയറും 11 റണ്‍സെടുത്ത ജോര്‍ജ് ഡോക്റെലും മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്. പാകിസ്ഥാന് വേണ്ടി ഇമാദ് വാസിം എട്ട് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷഹീന് അഫ്രീദി 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ആമിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഫ്ലോറിഡയില്‍ മഴ മാറി നിന്ന ദിവസം ടോസ് നേടിയ പാക് നായകന് ബാബര്‍ അസം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ ഓവറില്‍ തന്നെ ആന്‍ഡ്ര്യു ബാല്‍ബറൈനിനെ(0) മടക്കി ഷഹീന് അഫ്രീദി അയര്‍ലന്‍ഡിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടു. തന്റെ രണ്ടാം ഓവറില്‍ ലോറന് ടക്കറെ(2) വീഴ്ത്തിയ അഫ്രീദി ഇരട്ടപ്രഹമേല്‍പ്പിച്ചപ്പോള്‍ ക്യാപ്റ്റന്‍ പോള്‍ സ്റ്റെര്‍ലിങിനെ(1) ആമിര്‍ മടക്കി. പിന്നാലെ ഹാരി ടെക്ടറെ(0) കൂടി മടക്കി അഫ്രീദി അയര്‍ലന്‍ഡിനെ15-4ലേക്ക് തള്ളിയിട്ടു. കര്‍ട്ടിസ് കാംഫെറും(7) ജോര്‍ജ് ഡോക്റെലും(11) പൊരുതുമെന്ന് കരുതിയെങ്കിലും ഡോക്റെലിനെ ആമിറും കര്‍ട്ടിസ് കാംഫറെ ഹാരിസ് റൗഫും വീഴ്ത്തിയതോടെ അയര്‍ലന്‍ഡ് 32-6 എന്ന പരിതാപകരമായ നിലയിലായി.
എന്നാല്‍ ഏഴാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഡെലാനി-അഡയര്‍ സഖ്യം അയര്‍ലന്‍ഡിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും ഇമാദ് വാസിം മടക്കിയതോടെ അയര്‍ലന്‍ഡ് 80-9ലേക്ക് വീണു. എന്നാല്‍ അവസാന വിക്കറ്റില്‍ ജോഷ്വ ലിറ്റിലും(22), ബെഞ്ചമിന്‍ വൈറ്റും(5) ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പ്പ് അവരെ 106 റണ്‍സിലെത്തിച്ചു. പാകിസ്ഥാന് വേണ്ടി അഫ്രീദിയും വാസിമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആമിര്‍ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ അമേരിക്ക-അയര്‍ലന്‍ഡ് പോരാട്ടം മഴമൂലം ഉപേക്ഷിച്ചതിനാല്‍ പാകിസ്ഥാന് സൂപ്പര്‍ 8ല്‍ എത്താതെ പുറത്താവുകയായിരുന്നു. ആദ്യ കളിയില്‍ അമേരിക്കയോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും തോറ്റതോടെയാണ് പാകിസ്ഥാന്റെ സൂപ്പര്‍ 8 മോഹങ്ങള്‍ക്ക് തിരിച്ചടിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]