
തിരുവനന്തപുരം: കേരളത്തിന്റെ തനതു കലകളും സംസ്കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോര്‍ത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന അവതരണോത്സവങ്ങളും ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കും. കേരള കലകള്‍ ഓണ്‍ലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കുമെന്നു ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
‘കുടിയേറ്റവും പ്രവാസവും ലോകം മുഴുവന്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള കുടിയേറ്റവും വര്‍ധിക്കാനാണ് സാധ്യത. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടക്കുന്ന സമൂഹത്തിന് അതിന്റെ സംസ്കാരവും അസ്തിത്വവും നിലനിര്‍ത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കാനാവൂ. കേരളീയര്‍ തമ്മിലുള്ള കൂട്ടായ്മകള്‍ വലിയ തോതില്‍ ശക്തിപ്പെടുത്തണം. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്ഥാന്, ഫിലിപ്പൈന്‍സ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും കുടിയേറ്റ തൊഴിലാളികളെ അയയ്ക്കുന്നത്. ഈ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. പരസ്പരം മത്സരിച്ചു തൊഴില്‍ ചൂഷണത്തെ സഹിക്കുന്നതിനു പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതല്‍ ന്യായമായ സമീപനം സ്വീകരിക്കാന്‍ ഒരുമിച്ച് ആവശ്യപ്പെടണം.’ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് പരസ്പരം ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ലോക മലയാളികളെ കൂട്ടിയിണക്കുന്നതിനുമാണ് ലോക കേരളം പോര്‍ട്ടല്‍ ആരംഭിച്ചിട്ടുള്ളത്. പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമാവധി മലയാളികളെ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. ലോക കേരളസഭയുടെ ഭാഗമായ 103 രാജ്യങ്ങളിലും വിപുലമായ പ്രചാരണം സംഘടിപ്പിച്ച് പരമാവധി മലയാളികളെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും ആശയങ്ങള്‍ കൈമാറാനും പ്രവാസികള്‍ പ്രേരിപ്പിക്കണം. കേരളത്തില്‍ രൂപപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആവശ്യമായ മൂലധനം നല്‍കുന്നതിന് പ്രവാസികളായ ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിന്റെ ഏജന്‍സികള്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ദേശീയ അന്തര്‍ദേശീയ അംഗീകാരം നേടുന്ന സന്ദര്‍ഭമാണ്.’ സ്റ്റാര്‍ട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട് ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്കാരിക വകുപ്പിന്റെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ എഴുത്തുകാര്‍ക്കും കലാകാരന്മാര്ക്കുമായി വിവിധതരം ക്യാമ്പുകള്‍, ശില്പശാലകള് മുതലായവ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തരം ക്യാമ്പുകളിലും ശില്പശാലകളിലും പ്രവാസി എഴുത്തുകാര്‍ക്കും പങ്കെടുക്കാവുന്നതാണ്. പ്രവാസി എഴുത്തുകാര്‍ക്കു മാത്രമായി പ്രത്യേക സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നതും പരിഗണിക്കും. പ്രവാസി യുവതയെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള യുവജനോത്സവങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടത്തുന്നതിന് കലാ-സാഹിത്യ അക്കാദമികളും മറ്റുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
Last Updated Jun 16, 2024, 10:48 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]