
യു.കെ ആസ്ഥാനമായുള്ള ടൈംസ് ഹയർ എജ്യുക്കേഷൻ മാഗസിൻ പുറത്തിറക്കിയ ലോകത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം തുടർച്ചയായി 4-ാം വർഷവും ഇന്ത്യയിൽ നിന്ന് ഒന്നാമതായി ഇടംപിടിച്ചു. ബാങ്കോക്കിൽ നടന്ന ടൈംസ് ഹയർ എജ്യുക്കേഷന്റെ ഗ്ലോബൽ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് കോൺഗ്രസിലാണ് പട്ടിക പുറത്തിറക്കിയത്.
125 രാജ്യങ്ങളിൽ നിന്നുള്ള 2152 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ നിന്നാണ് മികച്ച 100 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള (സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഗോൾ) അക്കാദമിക, ഗവേഷണ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.
ജീവിതത്തിനു വേണ്ടിയുള്ള വിദ്യാഭ്യാസമെന്ന, അമൃത വിശ്വവിദ്യാപീഠത്തിന്റെ ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടെ ആശയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എല്ലാവരും കൂട്ടായി നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് അർഹമാക്കിയതെന്ന് അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ.മനീഷ വി രമേഷ് പറഞ്ഞു. ടൈംസ് ഹയർ എജ്യുക്കേഷൻ മാഗസിന്റെ പാരിസ്ഥിതിക മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ഈ വർഷത്തെ ടൈംസ് ഹയർ എജ്യുക്കേഷൻ ഏഷ്യ അവാർഡും അമൃത വിശ്വവിദ്യാപീഠത്തിന് ലഭിച്ചിരുന്നു.
ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ നടത്തുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമായ ലിവ്-ഇൻ-ലാബ്സ് പദ്ധതിയാണ് ഏഷ്യയിലെ മികവിനുള്ള ഈ അംഗീകാരത്തിന് അമൃത സർവകലാശാലയെ അർഹമാക്കിയത്. വിദ്യാർത്ഥികൾ ഗ്രാമങ്ങളിൽ താമസിച്ച് ഗ്രാമീണജനങ്ങൾ ദൈനംദിന ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുകയും അവയ്ക്ക് സുസ്ഥിരമായ പരിഹാരം കണ്ടെത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ലിവ്-ഇൻ-ലാബ്സ്. ഇന്ത്യയിൽ നിന്ന് ഇത്തവണ പുരസ്കാരം നേടിയ ഏക സ്ഥാപനമായിരുന്നു അമൃത.
Last Updated Jun 15, 2024, 3:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]